മാനവീയം വീഥി നിയന്ത്രിക്കാന്‍ കോര്പറേഷന് അധികാരമില്ല: വി. ശിവന്‍കുട്ടി
text_fieldsതിരുവനന്തപുരം: മാനവീയം വീഥി നിയന്ത്രിക്കാനോ അവിടെ നടക്കുന്ന കലാ-സാംസ്കാരിക പരിപാടികൾ നിരോധിക്കാനോ തിരുവനന്തപുരം നഗരസഭക്ക് അധികാരമില്ലെന്ന് മുന്‍ മന്ത്രി വി. ശിവന്‍കുട്ടി.
എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് നഗരഹൃദയത്തില്‍ കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഒത്തുചേരാന്‍ ഇടം എന്ന നിലയില്‍ മാനവീയം വീഥി യാഥാര്‍ഥ്യമായത്. അന്ന് താൻ തിരുവനന്തപുരം ഈസ്റ്റ് എം.എല്‍.എയും സി. ജയന്‍ബാബു മേയറുമായിരുന്നു. മാനവീയം വീഥിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ജനപ്രതിനിധികളെയും കലാ-സാംസ്കാരിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാനായിരുന്നു അന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
മാനവീയം വീഥി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണ്. നടത്തിപ്പ് അവകാശം നഗരസഭക്ക് കൈമാറിയതായി തലസ്ഥാന നിവാസികള്‍ക്ക് അറിവില്ല. മാനവീയം വീഥിയില്‍ എല്ലാവർക്കും കലാ-സാംസ്കാരിക പരിപാടികള്‍ നടത്താൻ അവകാശമുണ്ട്. എന്നാല്‍ അവിടുത്തെ അടിസ്ഥാന സങ്കല്പ്പത്തിന് കോട്ടം വരാത്ത രീതിയിലായിരിക്കണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. അവിടെ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്യുകയാണ് വേണ്ടത്. അല്ലാതെ അവിടുത്തെ സ്ഥലങ്ങള്‍ അനധികൃതമായി കൈയേറി വെക്കുന്നത് മാനവീയത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.


