കന്യാകുമാരി കണ്ണാടിപ്പാലത്തിൽ വിള്ളൽ; പരിഭ്രാന്തി വേണ്ടെന്ന് അധികൃതർ
text_fieldsനാഗർകോവിൽ: കന്യാകുമാരി വിവേകാനന്ദപാറയേയും തിരുവള്ളുവർ പ്രതിമയേയും ബന്ധിപ്പിച്ച് പണിത കണ്ണാടിപ്പാലത്തിന്റെ ഒരു പാളിയിൽ വിള്ളൽ രൂപപ്പെട്ടത് പരിഭ്രാന്തി പടർത്തി. വിള്ളൽ കണ്ടതിനെ തുടർന്ന് പൂംപുകാർ ഷിപ്പിങ് കോർപ്പറേഷൻ അധികൃതർ ആ ഭാഗം വഴി സഞ്ചാരികൾ നടന്നു പോകുന്നത് തടഞ്ഞു. എന്നാൽ വിള്ളൽ കഴിഞ്ഞ മാസം നടന്ന അറ്റകുറ്റ പണികൾക്കിടയിൽ ചുറ്റിക വീണ് ഉണ്ടായതാണെന്നും ഇതിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു. വിള്ളൽ കണ്ടയുടൻ കേടായ ഗ്ലാസ് മാറ്റുന്നതിനായി ചെന്നൈയിലെ ബന്ധപ്പെട്ട കമ്പനിയുമായി സംസാരിച്ചു. അവർ ഗ്ലാസ്സ് അയച്ചു നൽകിയിട്ടുണ്ട്. ഇത് ഉറപ്പിക്കാൻ മതിയായ ത്രി ഫേസ് വൈദ്യുത ലൈൻ പാലമുള്ള സ്ഥലത്ത് ലഭ്യമില്ലാത്തതിനാൽ ജനറേറ്റർ എത്തിച്ച് താമസിയാതെ ഗ്ലാസ്സ് മാറ്റി സ്ഥാപിക്കുമെന്നും അറിയിച്ചു.
2025 ജനുവരിയിൽ ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇതുവരെ 17.50 ലക്ഷം പേർ വിവേകാനന്ദപ്പാറയും തിരുവള്ളുവർപ്പാറയും കാണാൻ കണ്ണാടിപ്പാലം വഴി കടന്നു പോയതായാണ് കണക്ക്. ഓണാവധിക്കാലത്ത് അഞ്ച് മുതൽ ഏഴുവരെ മാത്രം 38,000 പേർ കണ്ണാടിപ്പാലം കടന്ന് പോയിട്ടുണ്ട്. ഇതിൽ പതിനായിരത്തോളം പേർ ഓൺലൈൻ ബുക്കിങ് സംവിധാനം ഉപയോഗിച്ചു.