മുങ്ങിമരണം; ജില്ലയിൽ 16 അപകട മേഖലകൾ
text_fieldsലോക മുങ്ങിമരണ പ്രതിരോധ ദിനത്തോട് അനുബന്ധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പട്ടം ഗേൾസ് എച്ച്.എസ്.എസിൽ നടത്തിയ പ്രതിരോധ ക്യാമ്പിൽ
സബ് കലക്ടർ ഒ.വി. അൽഫ്രഡ് വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു
തിരുവനന്തപുരം: ജില്ലയിൽ മുങ്ങിമരണങ്ങളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കാനൊരുങ്ങി ജില്ല ദുരന്ത നിവാരണ അതോറിറ്റിയും ജില്ല ഭരണകൂടവും. ഇതിന്റെ ഭാഗമായി ‘ജീവനം-ജീവനോട് ജാഗ്രതയുടെ യുദ്ധം’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. ജലസുരക്ഷയുടെ പ്രാധാന്യം ഓർമിപ്പിക്കുന്നതോടൊപ്പം ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് വേണ്ട മുൻകരുതലുകളും ഒരുക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
2019 മുതൽ 2025 വരെ കുട്ടികളും വിദേശികളും ഉൾപ്പടെ 352 പേർ ജില്ലയിൽ മാത്രം മരിച്ചിട്ടുള്ളതായാണ് ഫയർ ആന്റ് റെസ്ക്യൂ വകുപ്പ് നൽകുന്ന കണക്ക്. ഇതിൽ 315 പുരുഷന്മാരും 37 സ്ത്രീകളുമാണ്. ഇതിന്റെ ഭാഗമായി ഫയർ ആൻഡ് റെസ്ക്യൂ, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ സഹായത്തോടെ മുങ്ങിമരണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിലെ മേഖലകളെ ദുരന്തനിവാരണ നിയമ പ്രകാരം അപകടമേഖലയായി പ്രഖ്യാപിക്കാൻ ജില്ല ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കല്ലാർ, കൊല്ലമ്പുഴ, അരുവിപ്പുറം, മങ്കയം, ചെല്ലഞ്ചി, പാലോട്, അരുവിക്കര ഡാം, വട്ടിയൂർക്കാവ് ആയിരവല്ലി തമ്പുരാൻ ക്ഷേത്രക്കടവ്, നെയ്യാർ ജലാശയം, മൂന്നാറ്റുമുക്ക്, ആനന്ദേശ്വരം, പൂവൻപാറ, കുണ്ടമൺകടവ്, കൂവക്കുടി പാലം, അരുവിപ്പുറം, പൊഴിക്കര എന്നീ 16 കടവുകളാണ് അപകടമേഖലകളായി തിരിച്ചിരിക്കുന്നത്.
ആവശ്യമായ സൂചന ബോർഡുകൾ വെയ്ക്കുക, കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും കൂടുതൽ ബോധവത്കരണം നൽകുക, ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ജലസുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ നടപ്പിലാക്കാൻ തീരുമാനിച്ചത്. അപകടമേഖലകളിൽ ലൈഫ് ഗാർഡുകളെ നിയോഗിക്കുന്നതിനും ഫസ്റ്റ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
കാമ്പയിനിന്റെ ഭാഗമായി ലൈവ് ഡെമോൺസ്ട്രേഷൻ ഡ്രൈവുകളും അവബോധന ക്ലാസുകളും ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിലും മറ്റു ജലമേഖലയിൽ പ്രവർത്തിക്കുന്നവർക്കായും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുങ്ങിമരണ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു
തിരുവനന്തപുരം: ലോക മുങ്ങിമരണ ദിനത്തോടനുബന്ധിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല ഭരണകൂടം ആരംഭിച്ച ജീവനം പ്രതിരോധ കാമ്പയിന്റെ ജില്ലതല ഉദ്ഘാടനം കലക്ടർ അനുകുമാരി നിർവഹിച്ചു. ‘ജീവനം- ജീവനോട് ജാഗ്രതയുടെ യുദ്ധം’ എന്നതാണ് കാമ്പയിനിന്റെ ആപ്തവാക്യം. മുങ്ങിമരണ അപകടങ്ങളിൽപ്പെടുന്നവരിൽ ഭൂരിഭാഗവും ആൺകുട്ടികളാണെന്നും നന്നായി നീന്തൽ അറിയാവുന്നവർപോലും അപകടത്തിൽപ്പെടുന്ന സ്ഥിതിയാണെന്നും കലക്ടർ പറഞ്ഞു. എല്ലാ സ്കൂളുകളിലും മുങ്ങിമരണ പ്രതിരോധത്തെ സംബന്ധിച്ചുള്ള ബോധവത്ക്കരണം നടത്തും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ‘ജീവനം’ കാമ്പയിന്റെ പ്രചാരണം ശക്തമാക്കുമെന്നും കലക്ടർ പറഞ്ഞു.
മുങ്ങിമരണ പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ സബ് കലക്ടർ ഒ.വി. ആൽഫ്രഡ് ചൊല്ലികൊടുത്തു. ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രതിജ്ഞ ചൊല്ലാൻ നിർദേശം നൽകി. മുങ്ങിമരണ പ്രതിരോധ ബോധവത്ക്കരണ ക്ലാസ് നടത്തി.
പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാജു, എ.ഡി.എം ടി.കെ. വിനീത്, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടർ ജി. ശ്രീകുമാർ, ജില്ല ഫയർ ഓഫിസർ എസ്. സൂരജ് , സ്കൂൾ പ്രിൻസിപ്പൽ കെ. ലൈലാസ്, ഹെഡ്മാസ്റ്റർ എസ്.എ. സജീവ് കുമാർ എന്നിവർ പങ്കെടുത്തു.
ജില്ലയിൽ മുങ്ങിമരണം 2020- 2025 വരെ
- കുട്ടികളും വിദേശികളും ഉൾപ്പടെ 352 പേർ
- പുരുഷന്മാർ 315 പേർ
- സ്ത്രീകൾ 37 പേർ