കിഴക്കന്‍ മല കുടിവെള്ള പദ്ധതി പാളി; വേനല്‍ കടുത്തു; കുടിവെള്ളത്തിന് പരക്കംപാച്ചിൽ
text_fieldsവെള്ളറട: പെരുങ്കടവിള പഞ്ചായത്ത് നേരിടുന്ന ഗുരുതരമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കിഫ്ബിയില്‍ നിന്ന് 60 കോടി രൂപ വിനിയോഗിച്ച് ആര്യങ്കോട് പഞ്ചായത്തിലെ കിഴക്കന്‍ മലയില്‍ നിർമിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം ആകും മുമ്പേ നോക്കുകുത്തിയായി. പെരുങ്കടവിള -ആര്യങ്കോട് പഞ്ചായത്ത് നേരിടുന്ന കടുത്ത കുടിവെള്ളക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കിഴക്കന്‍മല കുടിവെള്ള പദ്ധതിക്കായി കോടികള്‍ വിനിയോഗിച്ചത്. പദ്ധതി 2026 ജനുവരി 27ന് ഉദ്ഘാടനം ചെയ്തു.
പാമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പൈപ് ലൈനുകളില്‍ പല സ്ഥലങ്ങളില്‍ പൊട്ടലുകള്‍ ഉണ്ടായി. ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതാണ് പമ്പ് ഓണാക്കുമ്പോള്‍ പൊട്ടലിനിടയാക്കുന്നതെന്നും പദ്ധതി നടത്തിപ്പില്‍ വ്യാപകമായ അഴിമതിയാണ് നടന്നതെന്നും ഗുണഭോക്താക്കള്‍ പറയുന്നു. ആര്യങ്കോട് -പെരുങ്കടവിള പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭിക്കാതെ സാധാരണ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. കടുത്ത വേനല്‍ അനുഭവപ്പെടുന്ന സമയമാണ്. ഇപ്പോള്‍ കിണറ്റില്‍ വെള്ളം ലഭിക്കുന്നില്ല. പൈപ്പ് ലൈനില്‍ ആഴ്ചയില്‍ ഒരു ദിവസം പോലും വെള്ളം ലഭിക്കുന്നില്ല. കച്ചവട സ്ഥാപനങ്ങളെല്ലാം കുടിവെള്ളം ലഭിക്കാത്തത് കാരണം അടച്ചിടേണ്ടി വരുന്നു. പഞ്ചായത്തില്‍ നിന്ന് ടാങ്കറില്‍ വെള്ളം എത്തിക്കാമെന്ന് പറഞ്ഞുവെങ്കിലും നടന്നില്ല. നെയ്യാറ്റിന്‍കര ജലസേചന ഓഫീസ് ഉപരോധിച്ചിട്ടും ഉദ്യോഗസ്ഥരുടെ കടുത്ത നിസ്സഹകരണം തുടരുകയാണ്. കുടിവെള്ളം ലഭിക്കാൻ വീണ്ടും സമരം അല്ലാതെ ജനങ്ങള്‍ക്ക് മറ്റൊരു മാർഗവുമില്ലന്ന അവസ്ഥയിലാണ്. അടിയന്തരമായി കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഗുണഭോക്താക്കള്‍.
കോടികള്‍ മുടക്കിയ കിഴക്കന്‍ മല കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിർത്തിവച്ചശേക്ഷം ഇപ്പോള്‍ പഴമലയിലെ പഴയ ട്രീറ്റ്മെന്റ്പ്ലാന്റില്‍ നിന്നാണ് പെരുങ്കടവിള പഞ്ചായത്തിലെ ജനങ്ങല്ക്കേു വേണ്ടി വെള്ളം പമ്പ്ചെയ്യുന്നത്. സി.കെ. ഹരിന്ദ്രന്‍ കുടിവെള്ള പ്രശ്നം പരിഹരിക്കുവാന്‍ കഴിഞ്ഞില്ലന്ന ആക്ഷേപം ശക്തമാണ്.


