അധ്യാപികയുടെ മരണം ചികിത്സ പിഴവെന്നാരോപിച്ച് കുടുംബം
text_fieldsതിരുവനന്തപുരം: പുനലൂർ താലൂക്ക് ആശുപത്രിയിൽ ടോക്-എച്ച് റസിഡൻഷ്യൽ സ്കൂൾ അധ്യാപിക അശ്വതി ബാബു (34) മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ഭർത്താവ് ശ്രീഹരിയും അശ്വതിയുടെ സഹോദരൻ ശിവബാബുവും രംഗത്ത്.
ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും കുടുംബം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒക്‌ടോബർ 20ന് ഉച്ചയ്‌ക്ക് 2.30ന് കുട്ടികൾക്ക് ട്യൂഷനെടുക്കുന്നതിനിടെ ഛർദ്ദിച്ച് അവശയായ ഇളമ്പൽ കോട്ടവട്ടം നിരപ്പിൽ ഭാഗം നിരപ്പിൽ വീട്ടിൽ ബി.ശ്രീഹരിയുടെ ഭാര്യ അശ്വതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്ന് ഡ്യൂട്ടി ഡോക്‌ടറോട് വിവരം പറഞ്ഞെങ്കിലും ഡ്രിപ് ഇട്ട് ഇഞ്ചക്‌ഷൻ നൽകിയ ശേഷം ഡോക്‌ടർ രോഗിയെ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഡ്രിപ്പിനെ തുടർന്ന് അശ്വതി അസ്വസ്ഥയായെങ്കിലും യഥാസമയം ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ല. മയങ്ങാനുള്ള ഇഞ്ചക്‌ഷൻ നൽകിയിട്ട് സി.ടി സ്‌കാൻ ചെയ്യാനായി വിട്ടു. ഇതിനിടെ രോഗി അബോധാവസ്ഥയിലായി.
സ്‌കാനിൽ കുഴപ്പമൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, പിന്നാലെ അശ്വതിയുടെ ചുണ്ടുകൾ കറുക്കുകയും പൾസ് കുറയുകയും ചെയ്‌തു. ബ്ലഡ് സാമ്പിളെടുക്കാൻ പലതവണ നോക്കിയപ്പോഴും ലഭിച്ചില്ല. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടർ പരിശോധിച്ചില്ല. രണ്ട് മണിക്കൂറോളം സ്ട്രെച്ചറിൽ കിടന്ന രോഗിയെ മരിച്ച അവസ്ഥയിലാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് വൈകിട്ട് 5.45 ഓടെയാണ് രോഗിയെ പെട്ടെന്ന് ഐ.സി.യുവിലേക്ക് മാറ്റുന്നതായി അറിയിക്കുകയും തൊട്ടുപിന്നാലെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അതിനുശേഷം കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്‌ടറും നഴ്‌സും സ്ഥലംവിട്ടതായും ബന്ധുക്കൾ പറയുന്നു.
അടുത്ത ദിവസം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്‌റ്റുമോർട്ടം കഴിഞ്ഞ് സംസ്‌കാരം നടന്നയുടൻ പുനലൂർ ആശുപത്രി സൂപ്രണ്ട് അശ്വതിയുടെ വയറ്റിൽ പഴുപ്പുണ്ടായിരുന്നതായും അതിലൂടെ വന്ന ഇൻഫെക്‌ഷനാണ് മരണകാരണവുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത് സംശയാസ്‌പദമാണ്. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാത്ത ആരോഗ്യവതിയായിരുന്നു തന്റെ സഹോദരിയെന്ന് അശ്വതിയുടെ സഹോദരൻ ശിവബാബു പറഞ്ഞു.
തെറ്റ് ചെയ്‌ത ജീവനക്കാരെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് ആശുപത്രി സൂപ്രണ്ട് നടത്തുന്നത്. ഇക്കാര്യത്തിൽ നീതി ലഭിക്കാൻ ഹൈകോടതിയെ സമീപിക്കുമെന്നും ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്നും ശ്രീഹരിയും ശിവബാബുവും അറിയിച്ചു. ജസ്‌റ്റിസ് ഫോർ സിറ്റിസൺസ് ഫോറം അംഗങ്ങളായ പാർവതി, അരുൺ കൃഷ്‌ണൻ, അശ്വതിയുടെ ബന്ധു സതീഷ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


