ലോറി തടഞ്ഞ് പണപ്പിരിവ്; ആർ.ടി ഓഫിസ് മുൻ ഡ്രൈവർ പിടിയിൽ
text_fieldsരതീഷ്
കോവളം: വിഴിഞ്ഞം തുറമുഖത്ത് കരിങ്കല്ലുമായി വരുന്ന ലോറികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി വൻതോതിൽ പണം തട്ടിയെടുത്ത കേസിൽ ആർ.ടി.ഒ ഓഫിസിലെ മുൻ താൽക്കാലിക ഡ്രൈവറെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കി കഞ്ഞിരംകുളം, പൂവാർ പോലീസ് സ്റ്റേഷനുകളിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കാഞ്ഞിരംകുളം കരിച്ചൽ രതീഷ് ഭവനിൽ രതീഷ്(37) ആണ് അറസ്റ്റിലായത്. ഇയാൾ പാറശാല ആർ.ടി. ഓഫിസിൽ രണ്ടുവർഷത്തോളം ഡ്രൈവറായി ജോലി ചെയ്തിരുന്നു.
കോവളം-കാരോട് ബൈപ്പാസിൽ പൂവാർ-കാഞ്ഞിരംകുളം സ്റ്റേഷൻ പരിധിയിൽ രാത്രികാലങ്ങളിൽ ലോറികൾ തടഞ്ഞ് വാഹന ഉടമകളിൽ നിന്ന് വൻതോതിൽ പണപിരിവ് നടത്തിവന്ന കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായ രതീഷ്. കേസിൽ ആർ.ടി. ഒ എൻഫോഴ്സ്മെൻറ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളതെന്നാണ് വിവരം.
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ കാവൽകിണർ സ്വദേശിയായ സെന്തിൽകുമാർ എന്നയാൾ നൽകിയ പരാതിയിൽ ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രതീഷിനെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ആർ.ടി.ഒ എൻഫോഴ്സ്മെൻറ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെന്നു പറഞ്ഞാണ് ലോറികൾ തടഞ്ഞ് പണം തട്ടിയെടുക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ 14 ന് പുലർച്ചെ രണ്ടു മണിയോടെ ടിപ്പർ ലോറി കാഞ്ഞിരംകുളം ബൈപ്പാസ് ജംഗ്ഷനിൽ കൈകാണിച്ച് നിറുത്തി. പരിശോധിച്ചശേഷം ടിപ്പർലോറിയുടെ ടയർ മുഴുവനും റോഡിൽ പതിയുന്നില്ലെന്ന് കണ്ടെത്തി ഒരു ലക്ഷംരൂപ ഫൈൻ അടയ്ക്കണമെന്ന് പറഞ്ഞിട്ട് 20,000 രൂപ തന്നാൽ ഫൈൻ ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ലോറിയുടെ താക്കോൽ പിടിച്ചുവാങ്ങി. ഡ്രൈവറുടെ പരാതിയിൽ രതീഷിന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അന്നേദിവസം 37,000 ലഭിച്ചത് ബാങ്ക് രേഖകളിലൂടെ സ്ഥിരീകരിച്ചതായി കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.


