എന്റെ കമ്യൂണിറ്റിയുടെ ഉന്നമനത്തിനായി അവസാന ശ്വാസം വരെ: എ. രേവതി
text_fieldsതിരുവനന്തപുരം: ഉള്ളിലെ സ്വത്വത്തെ തിരിച്ചറിഞ്ഞ് ജീവിക്കുക മാത്രമല്ല, അങ്ങനെയുള്ളവർക്കായി മികച്ച ജീവിതം ഒരുക്കാനും സമൂഹത്തിൽ തുല്യത ഉറപ്പാക്കാനുമായി എ. രേവതി എന്ന ട്രാൻസ്ജെൻഡർ പോരാട്ടം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ആ പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ് തിങ്കളാഴ്ച വൈകിട്ട് 6.15ന് കൈരളി തിയേറ്ററിൽ 'ഞാൻ രേവതി' എന്ന ലോംഗ് ഡോക്യുമെന്ററിയായി എത്തുന്നത്. എഴുത്തിലൂടെയും നാടകത്തിലൂടെയും കണ്ട തന്റെ ജീവിതം വെള്ളിത്തിരയിൽ നേരിൽ കാണുന്നതിന്റെ സന്തോഷം രേവതി 'മാധ്യമ'വുമായി പങ്കുവെച്ചു.
ബംഗളുരുവിൽ എൽ.ജി.ബി.ടി.ക്യു സമൂഹത്തിന്റെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന സംഗമയെന്ന സംഘടനയിൽ ഓഫീസ് ക്ലർക്കായതാണ് എ. രേവതിയെന്ന തന്റെ ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങൾക്ക് തുടക്കം. അവിടെ വെച്ച് ആക്ടിവിസ്റ്റ് മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതലറിയാനും കഴിഞ്ഞു. അപ്പോഴും സമൂഹത്തിൽ ട്രാൻസജെൻഡേഴ്സിനെ അംഗീകരിച്ചു തുടങ്ങിയിട്ടില്ലായിരുന്നു. ജെൻഡർ ഇക്വാലിറ്റി ഇല്ലേയില്ല. ഞങ്ങളെ ക്രിമിനലുകളായും കുറ്റവാളികളായും തൊട്ടുകൂടാത്തവരായുമൊക്കെയാണ് കണക്കായിരുന്നത്.
സിനിമകളിൽ പലപ്പോഴും തമാശയുള്ളതും മോശവുമായ കഥാപാത്രങ്ങളായിരുന്നു. ആ കഥാപാത്രങ്ങളുടെ മരണം പോലും ആഘോഷിച്ചു. ഞാൻ പ്രവർത്തിച്ച സംഘടനയിൽ കൂടുതലും വിദേശത്തെ ട്രാൻസ്ജെൻഡേഴ്സിന്റെ പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പുസ്തകങ്ങൾ ഇല്ലെന്നുതന്നെ പറയാം. അങ്ങനെയാണ് ഞാൻ എഴുതാൻ തീരുമാനിക്കുന്നത്. എന്റെ ജീവിതം തന്നെ മറ്റുള്ളവർക്കു മുന്നിലായി വരച്ചിട്ടു. എന്റെ കമ്യൂണിറ്റിയുടെ ഉന്നമനമെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു. ഇപ്പോഴും പ്രവർത്തിക്കുന്നു. അവസാന ശ്വാസം വരെ പ്രവർത്തിക്കും.
നിലവിൽ കോളജുകളിൽ ട്രാൻസ് കമ്യൂണിറ്റിയെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുന്നു, ക്ലാസുകൾ നടത്തുന്നു, ജെൻഡർ ഇക്വാളിറ്റിയെപ്പറ്റി പറയുന്നു. പക്ഷേ സ്കൂൾ തലത്തിൽനിന്നു തന്നെ ഇതൊക്കെ തുടങ്ങേണ്ടതുണ്ട്. കാരണം, ട്രാൻസ് കമ്യഋണിറ്റിയിലെ പലരും സ്കൂളിൽ പാതിവെച്ച് പഠനം മതിയാക്കിയവരാണ്. തങ്ങളുടെ ആ അവസ്ഥയിൽ അർഹിക്കുന്ന സമത്വം ലഭിക്കാത്തതാണ് അവരെ പാതിവഴിയിൽ പഠനം മതിയാക്കാൻ പ്രേരിപ്പിക്കുന്നത്.
എട്ടാം ക്ലാസിൽ തന്നെ ലിംഗനീതിയെന്താണെന്ന് കുട്ടികൾ മനസിലാക്കണം. അത് വരുന്ന ട്രാൻസ്ജെൻഡർ തലമുറക്ക് കൂടുതൽ ഉപകാരപ്പെടും. മൂന്ന് വർഷമായി തമിഴ്നാട് സർക്കാർ ഗവ. മോഡൽ സ്കൂളുകളിൽ ഓറിയന്റേഷൻ ക്ലാസ് നടത്താനായി എന്നെ ക്ഷണിക്കാറുണ്ട്. ഇതിനിടെ ദി ട്രൂത്ത് എബൗട്ട് മി: എ ഹിജ്റ ലൈഫ് സ്റ്റോറി എന്ന പേരിൽ ആത്മകഥ എഴുതി. അതുതന്നെ വെള്ളൈമൊഴി എന്ന നാടകമായും എത്തി. വിദേശങ്ങളിലെല്ലാം നാടകം മികച്ച അഭിപ്രായം നേടി.
2002 മുതൽ ഞാൻ കേരളത്തിൽ വരുന്നുണ്ട്. അതിനിടയിലാണ് പി. അഭിജിത്തിനെ പരിചയപ്പെടുന്നത്. ട്രാൻസ്ജെൻഡേഴ്സിനെ മുൻനിറുത്തിയുള്ള അഭിജിത്തിന്റെ ഫോട്ടോ എക്സിബിഷനൊക്കെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ പ്രോജക്ടായ അന്തരത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. അന്നു മുതൽ പറയുമായിരുന്നു എന്റെ ജീവിതം സിനിമയാക്കണമെന്ന്. പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. രണ്ട് വർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എന്റെ ചുറ്റുമുള്ളവർ എന്റെ ചേട്ടൻ, ചേച്ചി, അവരുടെ മക്കൾ തുടങ്ങിയവരെല്ലാം പുസ്തകങ്ങളിൽ മാത്രമാണ് നിറഞ്ഞുനിന്നത്. അഭിജിത്ത് അവരെ ക്യാമറക്ക് മുന്നിൽ കൊണ്ടുവന്നു. അത് സന്തോഷിപ്പിക്കുന്ന വിഷയമാണ്.
ഈ ഡോക്യുമെന്ററി മൊത്തം ട്രാൻസ്ജെൻഡേഴ്സിന്റെയും കഥയായി കാണുന്നു. എന്നിലെ സാമൂഹിക പ്രവർത്തകക്ക് ആദ്യം പുരസ്കാരം നൽകിയത് കേരളമാണ്. ആ സ്നേഹം എന്നുമുണ്ടാകും. എന്നെ അമ്മയെപ്പോലെയും ചേച്ചിയെപ്പോലെയും മുത്തശ്ശിയെപ്പോലെയും കരുതുന്ന നിരവധി മക്കളുണ്ട് കേരളത്തിൽ. അവർ നൽകുന്ന സ്നേഹം തന്നെയാണ് എന്നും എന്റെ ഊർജ'മെന്നും എ. രേവതി പറഞ്ഞു. 2019-ൽ, കൊളംബിയ യൂനിവേഴ്സിറ്റിയിലെ ബട്ട്ലർ ലൈബ്രറിയിൽ മായ ആഞ്ചലോ, ടോണി മോറിസൺ തുടങ്ങിയ പേരുകൾക്കൊപ്പം എ. രേവതിയുടെ പേരും ഉൾപ്പെട്ടത് അവർ സമൂഹത്തിന് നൽകിയ സേവനങ്ങളുടെ കൂടി അടയാളമാണ്.