കല്ലമ്പലത്ത് എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിൽ
text_fieldsകല്ലമ്പലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കല്ലമ്പലത്ത് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി നാല് പേർ അറസ്റ്റിലായി. വർക്കല നടയറ കോണത്ത് വീട്ടിൽ നിയാസ്, നടയറ കുന്നിൽ പുത്തൻ വീട്ടിൽ ആഷിക്, ചെറുന്നിയൂർ തെറ്റിക്കുളം ചരുവിള വീട്ടിൽ സേതു, ചെറുന്നിയൂർ ശാസ്താംനട പണയിൽ വീട്ടിൽ അഖിൽ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 9.15ഓടെ കല്ലമ്പലം-വർക്കല റോഡിൽ ആണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന ലഹരി കടത്ത് സംഘത്തെ ജില്ല റൂറൽ എസ്.പി യുടെ നിർദേശാനുസരണം ഡാൻസാഫ് സംഘവും കല്ലമ്പലം പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബൈക്കിൽ പിന്തുടർന്ന പൊലീസ് സംഘത്തെ പ്രതികൾ കാർ കൊണ്ടിടിച്ചിടാൻ ശ്രമിച്ചു. കാറിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ച രണ്ട് പ്രതികളെ ഓടിച്ചിട്ട് പിടികൂടി. ഇവരിൽ നിന്ന് 4.79 ഗ്രം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. പ്രതികളെ കല്ലമ്പലം പൊലീസിന് കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


