ഡീൽ മുതൽ പിഷാരടിയെ തടഞ്ഞസംഭവം വരെ; പ്രചാരണത്തിൽ ‘അടിതെറ്റി’ ബി.ജെ.പി
text_fieldsനരേന്ദ്രമോദി
തിരുവനന്തപുരം: ഡീൽ ആരോപണം മുതൽ പാലക്കാട് സ്ഥാനാർഥി രമേശ് പിഷാരടിയെ തടഞ്ഞ സംഭവം വരെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ നിത്യേന ‘അടിതെറ്റിക്കുകയാണ്’. അതിന് പുറമെയാണ് എഫ്.സി.ആർ.എ ഭേദഗതി നടപ്പാക്കാതിരിക്കാൻ കിണഞ്ഞ് ശ്രമിക്കുമ്പോൾ നിയമഭേദഗതി നടപ്പാക്കുമെന്ന് ജന.സെക്രട്ടറി വിഷ്ണുവർധൻ റെഡ്ഡി ഉൾപ്പെടെ ബി.ജെ.പി ദേശീയ നേതാക്കൾ ആവർത്തിക്കുന്നതും. വികസനം മുഖ്യവിഷയമാക്കി പ്രചാരണരംഗത്തിറങ്ങിയ ബി.ജെ.പിക്ക് തുടക്കം മുതൽ വ്യത്യസ്തമായ വിവാദങ്ങളാണ് നിത്യേന നേരിടേണ്ടിവരുന്നത്. ഡീൽ ആരോപണമായിരുന്നു ആദ്യത്തേത്. വികസനം ചർച്ച ചെയ്യാനില്ലാത്തിനാലാണ് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്ന് പറഞ്ഞ് തലയൂരാൻ ബി.ജെ.പി നേതൃത്വം ശ്രമിക്കുകയുമാണ്..
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് സംബന്ധിച്ച വിവാദമായിരുന്നു ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവം. അതിന് പിന്നാലെയാണ് അഘോരി സന്യാസിമാർ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണ വേദിയിൽ എത്തിയതും അദ്ദേഹത്തെ അനുഗ്രഹിച്ചതും. ഇത് നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി വിവാദമാക്കുകയും മണ്ഡലത്തിൽ പ്രചാരണ വിഷയമാക്കുകയും ചെയ്തു. ഗുരുവായൂരിലെ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തുടരുന്ന മതപരമായ വിവാദ പ്രസ്താവനകളും പ്രചാരണങ്ങളും പലയിടങ്ങളിലും പ്രശ്നമായി തുടരുകയാണ്.
പ്രചാരണരംഗത്ത് ബി.ജെ.പിക്ക് ഏറ്റവുമധികം പ്രശ്നം സൃഷ്ടിച്ച് നിലകൊള്ളുന്നത് എഫ്.സി.ആർ.എയുമായി ബന്ധപ്പെട്ട വിഷയം തന്നെ. അതിന് എരിതീയിൽ എണ്ണ പകരുന്ന പ്രസ്താവനയാണ് പൂഞ്ഞാറിലെ സ്ഥാനാർഥി കൂടിയായ പി.സി. ജോർജ് നടത്തിയത്.
സഭാധ്യക്ഷൻമാരെ അടച്ചാക്ഷേപിച്ച ജോർജിനെതിരെ ക്രിസ്ത്യൻ സമൂഹത്തിൽ കടുത്ത പ്രതിഷേധമാണുണുള്ളത്. ഇത് ക്രിസ്ത്യൻ വോട്ട് പ്രതീക്ഷിക്കുന്ന സ്ഥാനാർഥികളെ സാരമായി ബാധിച്ചിട്ടുണ്ട്. ജോർജിനെതിരെ ഓർത്തഡോക്സ് സഭ ഉൾപ്പെടെ പരസ്യമായി രംഗത്തുണ്ട്. ഈ പ്രശ്നങ്ങളിൽ നിന്നും തലയൂരാൻ ശ്രമിക്കവെ കഴിഞ്ഞദിവസം പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേശ് പിഷാരടിയെ ബി.ജെ.പി കൗൺസിലർ തടഞ്ഞത് കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.


