വർക്കലയിൽ ഗ്യാസ് ബർണർ ക്രിമറ്റോറിയം; ഉദ്ഘാടനം നാളെ
text_fieldsവർക്കല: പൊതുശ്മശാനമെന്ന നഗരസഭ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യം യാഥാർഥ്യമാകുന്നു. ആധുനിക സംവിധാനങ്ങളോടെ നിർമിച്ച ഗ്യാസ് ബർണർ ക്രിമറ്റോറിയമാണ് യാഥാർഥ്യമാകുന്നത്. രണ്ട് കോടി ചെലവിട്ട് പൂർത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനന 29ന് മന്ത്രി പി.രാജീവ് നിർവഹിക്കും.നഗരസഭയിലെ കണ്വാശ്രമത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിന് സമീപത്താണ് പബ്ലിക് ക്രിമേറ്റോറിയം നിർമിച്ചത്. 60 സെന്റ് സ്ഥലത്ത് നിർമാണം സാധ്യമാക്കിയ പദ്ധതിയിൽ ഒരേസമയം രണ്ട് മൃതശരീരങ്ങൾ സംസ്കരിക്കാൻ സൗകര്യമുള്ള ഡബിൾ ചാനൽ ഗ്യാസ് ബർണർ സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്.
വർക്കല നഗരസഭ രൂപവത്കരിച്ച കാലം മുതൽ പൊതുശ്മശാനം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. വർക്കലയിൽ അതിവേഗം വളരുന്ന നഗരവത്കരണവും വീടുകളും വ്യാപാര സമുച്ചയങ്ങളും കൂട്ടമായി ഉയരുന്നതും മൂലം പൊതുശ്മശാനം എവിടെ സ്ഥാപിക്കും എന്നത് ഭരണസമിതികളെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു. നഗരസഭാ രൂപവത്കരണത്തിന് ശേഷം വന്ന എല്ലാ ഭരണസമിതികളും ബജറ്റിൽ പൊതുശ്മശാനത്തിന് പണം നീക്കിവെച്ചെങ്കിലും സ്ഥലം കണ്ടെത്തുന്നത് കീറാമുട്ടിയായി തുടർന്നു.അനുയോജ്യമായ സ്ഥലം പല ഭരണസമിതികളും കണ്ടെത്തിയെങ്കിലും പ്രദേശവാസികളുടെയും അവിടങ്ങളിലെ വാർഡ് കൗൺസിലർമാരുടെയും എതിർപ്പ് മൂലം പദ്ധതി കടലാസിൽ തന്നെ കിടന്നു.
അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങളും പ്രദേശവാസികളുടെ സ്വൈര ജീവിതത്തിന് തടസമുണ്ടാക്കുമെന്നുമുള്ള വാദങ്ങളും ആശങ്കകളുമാണ് ഉയർന്നത്. നാട്ടുകാരെ പിണക്കിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാൻ ഭരണസമിതികൾക്കും കഴിയുമായിരുന്നില്ല. അങ്ങനെയാണ് പരമ്പരാഗത ചിതാഗ്നി സംസ്കാര രീതി ഉപേക്ഷിച്ച് പുതിയ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പൊതുജനങ്ങൾക്ക് പ്രയാസമാകാത്ത വിധമുള്ള പദ്ധതികളിലേക്ക് ആലോചനകൾ നീണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂർണമായും ഗ്യാസ് ബർണർ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ക്രിമേറ്റോറിയം സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്.
ഇതുപ്രകാരം മലിനവാതകങ്ങളുടെ ഉത്പാദനം ഗണ്യമായി കുറയും. ആധുനിക ബർണർ യൂനിറ്റ്, വൈദ്യുത സംവിധാനങ്ങൾ, വാതക സേഫ്ടി സംവിധാനങ്ങൾ, ശുചിത്വ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ സൗകര്യങ്ങളെല്ലാം ഈ പദ്ധതി പ്രകാരം ഒരുക്കിയിട്ടുണ്ട്. സംസ്കാരത്തിനു ശേഷം അസ്ഥിശേഖരണത്തിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.എങ്കിലും നിയമ, സാങ്കേതിക തടസങ്ങൾ മറികടക്കാൻ നഗരസഭാധികൃതർക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു.
കണ്വാശ്രമത്തെ മാലിന്യസംസ്കരണ പ്ലാന്റിന് സമീപം പദ്ധതിക്കായി സ്ഥലം കണ്ടെത്തിയപ്പോൾത്തന്നെ പൊതുശ്മശാനം സ്ഥാപിക്കുന്നതിനെതിരെ സമീപവാസികളിൽ നിന്ന് കടുത്ത എതിർപ്പുകളും ഉയർന്നിരുന്നു. എന്നാൽ തടസങ്ങളെല്ലാം നീക്കി 2024 ഫെബ്രുവരിയിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നഗരസഭാ വാസികൾക്ക് മാത്രമല്ല, സമീപ പഞ്ചായത്തുകളിൽ ഉള്ളവർക്കും നഗരസഭ ക്രിമേറ്റോറിയം ഉപയോഗിക്കാം.


