ഹാട്രിക് ശ്രീ റെക്കോഡ് ഹരി
text_fieldsശ്രീഹരി
തിരുവനന്തപുരം: അച്ഛൻ കൈപിടിച്ച് വെള്ളത്തിലേക്ക് ഇറക്കിയത് വെറുതെ ആയില്ല, ശ്രീഹരിക്ക് മീറ്റ് റെക്കോഡിലും ഹാട്രിക്. അതും അഞ്ച് സ്വർണവുമായി. പിരപ്പൻകോട് ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിയാണ് ശ്രീഹരി.ബി. നാലാം വയസിൽ പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ക്ഷേത്ര കുളത്തിലാണ് ശ്രീഹരിയെ ബിജുകുമാർ ആദ്യമായി കൈപിടിച്ചിറക്കിയത്. ആദ്യ പരിശീലകനും പിതാവ് തന്നെ. സംസ്ഥാന സ്കൂൾ കായികമേളയിൽ ശ്രീഹരി സീനിയർ 200 മീറ്റർ ഫ്രീസ്റ്റൈലിൽ 2024ൽ ഗോട്ടേറ്റി സംബത്കുമാർ യാദവ് രേഖപ്പെടുത്തിയ 1.58 മിനിട്ട് റെക്കോർഡ് 1.56.78 മിനിറ്റിൽ തകർത്തു.
200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ 2018 ൽ ജഗൻ നാഥൻ രേഖപ്പെടുത്തിയ 2.13.83 മിനിറ്റ് റെക്കോർഡ് 2.12.55 മിനിറ്റിൽ ഫിനിഷ് ചെയ്ത് സ്വന്തം പേരിലാക്കി. 100 മീറ്റർ ഫ്രീസ്റ്റൈലിൽ 55.08 സെക്കൻൻഡിന് സ്വന്തം റെക്കോർഡ് തന്നെ തിരുത്തി 53.29 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 4x 100 ഫ്രീ സ്റ്റൈൽ റിലേയിലും 4x 100 മെഡ്ലെ റിലേയിലും പങ്കെടുത്ത് സ്വർണം നേടി. ശ്രീഹരിയുടെ പിതാവ് ബിജു കുമാർ പഴയ നീന്തൽ താരമാണ്. നീന്തൽ അസോസിയേഷന്റെ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.


