അതിവേഗ റെയിൽപാത നാല് ഘട്ടമായി; ആദ്യത്തേത് തിരുവനന്തപുരം-തൃശൂർ
text_fieldsതിരുവനന്തപുരം: നിലവിലെ സാമ്പത്തിക-സാങ്കേതിക സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ അതിവേഗ റെയിൽപാത (ആർ.ആർ.ടി.എസ്) പദ്ധതി നാല് ഘട്ടങ്ങളായി നടപ്പാക്കും. വിവിധ ഘട്ടങ്ങൾ സമാന്തരമായി ഒരേസമയം പുരോഗമിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്യുന്നത്.
ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ട്രാവൻകൂർ ലൈൻ, അതിനൊപ്പം തിരുവനന്തപുരം മെട്രോയും കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027ൽ നിർമാണം ആരംഭിച്ച് 2033ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ടാംഘട്ടമായി തൃശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും കോഴിക്കോട് മെട്രോയും നടപ്പാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കാനും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർകോട് ലൈൻ പൂർത്തിയാക്കാനുമാണ് നിർദേശമുള്ളത്.
പദ്ധതി അയൽ സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും കാസർകോട് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാനാകും. ഘട്ടങ്ങളായി, എന്നാൽ സമാന്തരമായുള്ള സമയക്രമത്തിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 12 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ എ.ആർ.ടി.എസ് ശൃംഖല (തിരുവനന്തപുരം, കോഴിക്കോട് മെട്രോ ഉൾപ്പെടെ) യാഥാർഥ്യമാക്കാൻ സാധിക്കുമെന്നും സർക്കാർ കരുതുന്നു.


