മലയോര ഹൈവേ: ജില്ലയിൽ പൂർത്തിയായത് 46.93 കി.മീറ്റർ
text_fieldsതിരുവനന്തപുരം: കാസർകോട് നന്ദാരപ്പടവിനെയും തിരുവനന്തപുരം പാറശാലയെയും ബന്ധിപ്പിക്കുന്ന മലയോര ഹൈവേയിൽ ജില്ലയിൽ പൂർത്തിയായത് 46.74 കിലോ മീറ്റർ പ്രവൃത്തി. കുടപ്പനമൂട്-പാറശ്ശാല റോഡിന്റെ ഒന്നാംഘട്ടം (15.7 കി.മി.), കള്ളിക്കാട്-പാറശാല രണ്ടാംഘട്ടം (6.65 കി.മി.), കൊല്ലായിൽ-ചല്ലിമുക്ക് (21.08 കി.മി.), പെരിങ്ങമ്മല-പാലോട് (3.5 കി.മി.) എന്നീ പ്രവർത്തിയാണ് പൂർത്തിയായത്.
ഇതിൽ കള്ളിക്കാട്-വാഴിച്ചൽ-പാറശ്ശാല റോഡിൽ നാല് ഭാഗങ്ങളിലായി പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന 38 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതിനാൽ 1.30 കി.മീറ്റർ ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കാനുണ്ട്. ഇവിടെ ആകെ 7.3 കിലോമീറ്റർ പാതയാണ് നിർമിക്കുന്നത്.
പെരിങ്ങമ്മല-വിതുര-കൊപ്പം റീച്ചിൽ 86 ശതമാനം ജോലികളും പൂർത്തിയായി. ആകെ 9.50 കിലോമീറ്റർ ദൂരത്തിൽ എട്ട് കിലോമീറ്റർ ഉപരിതലമൊരുക്കൽ (ഡി.ബി.എം) പൂർത്തീകരിച്ചിട്ടുണ്ട്.
12 മീറ്റര്‍ വീതിയില്‍ രണ്ടുവരിയായി പൂർണമായും ബി.എം.ബി.സി നിലവാരത്തിലാണ് നിർമാണം. സ്ഥലലഭ്യത ഉറപ്പായ റീച്ചുകളിൽ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം നിയമസഭയിൽ അറിയിച്ചിരുന്നു.


