കണക്കുകൂട്ടൽ തെറ്റി; അതിദരിദ്രർക്ക് വീട് വെച്ചുനൽകില്ല, വാങ്ങി നൽകും
text_fieldsതിരുവനന്തപുരം: അതിദാരിദ്ര്യനിർമാർജന പ്രഖ്യാപനം ആഘോഷമാക്കാനുള്ള സർക്കാർ കണക്കുകൂട്ടൽ തെറ്റിയതോടെ, അടിയന്തരമായി 3613 അതിദരിദ്ര കുടുംബങ്ങൾക്ക് വീടും സ്ഥലവും വാങ്ങി നൽകി വാഗ്ദാനം നിറവേറ്റാൻ സർക്കാർ തീരുമാനം. മൂന്ന് സെന്റിൽ കുറയാത്ത സ്ഥലത്ത് 400 ചതുരശ്ര അടിയിൽ കുറയാത്ത വിസ്തീർണമുള്ള വീട് കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി. സംസ്ഥാനത്ത് 64,006 അതിദരിദ്രരെ കണ്ടെത്തിയിരുന്നു. ഇതിൽ 3613 പേർക്കാണ് വീടില്ലാത്തത്. നവംബർ ഒന്നിന് കേരളത്തെ അതിദരിദ്രമുക്ത സംസ്ഥാനമാക്കി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
അതിന് മുമ്പ് ഈ കുടുംബങ്ങൾ അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ താമസമാക്കണം. സ്ഥലം വാങ്ങി വീട് വെക്കൽ ഇനി പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വീടുകൾ വാങ്ങാൻ തീരുമാനിച്ചത്. 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്ത വീടുകളാണ് വാങ്ങുക. ഇതിനായി പഞ്ചായത്തുകളിൽ ആറുലക്ഷം, മുൻസിപ്പാലിറ്റിയിൽ 6.70 ലക്ഷം, കോർപറേഷനിൽ 9.25ലക്ഷം എന്നിങ്ങനെ ചെലവഴിക്കാൻ അനുമതി. രണ്ട് കിടപ്പുമുറി, അടുക്കള, ഡ്രോയിങ്, ഡൈനിങ് റൂം, ടോയ്ലറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവയുണ്ടെന്ന് ഉറപ്പാക്കണം.
അതിദരിദ്രർക്ക് വീടുറപ്പാക്കുന്നതിൽ മെല്ലെപ്പോക്കുണ്ടെന്ന് മുൻ ചീഫ് സെക്രട്ടറിയുടെ കാലത്ത് നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങൾ പലവഴികൾ നോക്കിയെങ്കിലും സ്ഥലം വാങ്ങി വീടുവെക്കൽ നടപ്പായില്ല. ഈ സ്ഥിതി തുടർന്നാൽ പദ്ധതി പാളുമെന്ന് വ്യക്തമാതോടെയാണ് വീട് വാങ്ങി നൽകാനുള്ള ശിപാർശ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സർക്കാറിന് നൽകിയത്. ഇത് അംഗീകരിച്ചാണ് സർക്കാർ ഉത്തരവായത്. നവംബർ ഒന്നിന് മുമ്പ് ഇത്രയും വീട് കണ്ടെത്തുക വലിയ കടമ്പയാണ്.