പീഡനത്തെ തുടർന്ന് ജിവനൊടുക്കിയ യുവതിയുടെ ഭർത്താവ് പിടിയിൽ
text_fieldsസ്വബിൻ
വർക്കല: ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ പ്രതിയായ ഭർത്താവ് എട്ടു മാസത്തിനു ശേഷം പിടിയിൽ. വർക്കല പാളയംകുന്ന് താഴ്‌വര വീട്ടിൽ സ്വബിൻ (39) ആണ് പിടിയിലായത്. വർക്കല ഡിവൈ.എസ്.പി ബിജു വി.നായരുടെ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ ഒളിയിടത്തിൽ നിന്ന് പിടികൂടിയത്. വർക്കല തച്ചോട് പനയറ ചിത്തിരയിൽ സ്വാതി ദേവ് (30) ആണ് എട്ടു മാസം മുമ്പ് ജീവനൊടുക്കിയത്. സ്വാതി എഴുതിയ ഡയറിക്കുറിപ്പുകളും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ഭർതൃഗൃഹത്തിൽ യുവതിക്ക് മാനസികമായും ശാരീരികമായും പീഡനം സഹിക്കേണ്ടി വന്നുവെന്ന് ഡയറിക്കുറിപ്പുകളിലും ആത്മഹത്യ കുറുപ്പിലും പറയുന്നുണ്ട്.
യുവതിയുടെ ബന്ധുക്കൾ സ്വബിനെതിരെ പരാതി നൽകിയതിനെതുടർന്ന് പൊലീസ് കേസെടുത്തെങ്കിലും ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതിയും നൽകി. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രത്യേക നിർദേശത്തെ തുടർന്ന് വർക്കല മുൻ ഡി.വൈ.എസ്.പി ഗോപകുമാർ നടത്തിയ അന്വേഷണത്തിൽ ബി.എൻ.എസ് 85, 108 എന്നീ വകുപ്പുകൾ കൂടി ചേർത്തു.
ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ക്രൂര പീഡനമാണ് സ്വാതിയോട് പ്രതി ചെയ്തതെന്നും പൊലീസ് കണ്ടെത്തി. ഇതോടെ സ്വബിൻ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. എന്നാൽ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞുവരവേയാണ് കഴിഞ്ഞ ദിവസം ഡിവൈ.എസ്.പി ബിജു വി. നായരുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ വിനോദ്, ഗോപകുമാർ, ഹരീഷ്, ബാലു, ധന്യ, പ്രദീപ്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


