ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്തിനെത്തേടി പൊലീസിന്റെ നെട്ടോട്ടം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയും യുവതിയുടെ സുഹൃത്തുമായ സുകാന്ത് സുരേഷിനെയും കുടുംബത്തെയും കണ്ടെത്താനാകാതെ പൊലീസ്. ഒരുമാസത്തോളമായി ഒളിവിലുള്ള സുകാന്തിനെയും മാതാപിതാക്കളെയും കണ്ടെത്താൻ പൊലീസ് പതിനെട്ടടവും പയറ്റിയിട്ടും ഒരുസൂചനപോലുമില്ല.
കഴിഞ്ഞ ദിവസം മലപ്പുറത്തെ സുകാന്തിന്റെ വീട്ടിൽ പേട്ട പൊലീസും ചങ്ങരംകുളം പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്കും പാസ്ബുക്കുകളും കണ്ടെത്തിയിരുന്നു. പൂട്ടിയ വീടിന്റെ വാതിൽ പൊളിച്ചായിരുന്നു പരിശോധന. എന്നാൽ ഹാർഡ് ഡിസ്കിലും പാസ് ബുക്കിലും അന്വേഷണത്തെ സഹായിക്കുന്ന ഒന്നുമില്ലെന്നാണ് വിവരം.
കഴിഞ്ഞ മാർച്ച് 24നാണ് പത്തനംതിട്ട സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടിമരിച്ചനിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ പെൺകുട്ടിയുടെ പിതാവ് സുകാന്ത് സുരേഷിനെതിരെ പൊലീസിൽ പരാതി നൽകി.
എന്നാൽ പരാതി ഗൗരവത്തിലെടുത്തുകൊണ്ട് എത്രയും വേഗം സുകാന്തിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം പെൺകുട്ടിയുടെ അച്ഛന്റെ പരാതി ഫോണിലൂടെ സുകാന്തിനെ അറിയിക്കുകയായിരുന്നു പൊലീസ്. ഇതോടെ സുകാന്തും കുടുംബവും വളർത്തുമൃഗങ്ങളെപ്പോലും ഉപേക്ഷിച്ച് നാടുവിട്ടു.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മാതാപിതാക്കൾ കണ്ടെത്തി നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗം, വഞ്ചന, ആത്മഹത്യപ്രേരണ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയത്ത്. സുകാന്തിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. രണ്ടു സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും പരിശോധന നടത്തിയിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല.
2023 ഡിസംബറിൽ ജോധ്പുരിലെ ട്രെയിനിങ് സമയത്താണ് യുവതിയും സുകാന്തും പരിചയപ്പെടുന്നത്. 2024ൽ മേയിൽ ട്രെയിനിങ് കഴിഞ്ഞശേഷം ഇരുവരും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും കണ്ടെത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം ഇമിഗ്രേഷൻ ഓഫിസറായ സുകാന്ത് അവിടെ അപ്പാർട്ട്മെന്റ് വാടകക്കെടുത്ത് യുവതിക്കൊപ്പം താമസിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ സിവിൽ സര്‍വിസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ആവശ്യം തള്ളി.
ഇതായിരുന്നു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. യുവതിയെ വഞ്ചിച്ച സുകാന്ത് നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മറ്റൊരു വനിത ഐ.ബി ഓഫിസറുമായി ബന്ധം സ്ഥാപിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2024 ജൂലൈയിലാണ് യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയത്.
ആദ്യം ആശുപത്രിയിൽ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികളെന്നാണ് പരിചയപ്പെടുത്തിയത്. വിവാഹരേഖകളും വിവാഹ ക്ഷണക്കത്തും സുകാന്ത് വ്യാജമായി തയാറാക്കിയിരുന്നു.