ജയിലിലെ സോളാര്‍ ബാറ്ററി കടത്തിയ സംഭവം; അന്വേഷണം എങ്ങുമെത്തിയില്ല
text_fieldsനേമം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സ്ഥാപിച്ചിരുന്ന ഉപയോഗശൂന്യമായ ബാറ്ററികള്‍ മുഴുവന്‍ മോഷണം പോയ സംഭവത്തില്‍ പരാതി നല്‍കിയിട്ട് അന്വേഷണം എങ്ങുമെത്തിയില്ല. ജയിലില്‍ 2021ല്‍ നടന്നുവെന്നു കരുതുന്ന മോഷണം പിടികൂടുന്നത് 2024ല്‍ സി-ഡാക് നടത്തിയ ഓഡിറ്റിങ്ങിലാണ്. അഞ്ചരലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്തതായി ജയില്‍ സൂപ്രണ്ടാണ് 2024ല്‍ പൂജപ്പുര സ്റ്റേഷനില്‍ പരാതി നല്‍കിയത്. 200 ബാറ്ററികള്‍ നഷ്ടപ്പെട്ടതായാണ് കണ്ടെത്തുന്നത്.
സോളാര്‍ ബാറ്ററികള്‍ വളരെ വിദഗ്ധമായാണ് സ്ഥാപിച്ചിരിക്കുന്നതെന്നും ഇതിനെക്കുറിച്ച് കൃത്യമായി അറിയാന്‍ സാധിക്കാത്ത ഒരാള്‍ക്ക് ജയില്‍വളപ്പില്‍ കടന്ന് മോഷണം നടത്തുക സാധ്യമല്ലെന്നും പൂജപ്പുര സി.ഐ പറയുന്നു. അതേസമയം ഒരുദിവസം ഏകദേശം 20 ബാറ്ററി മാത്രമേ വളപ്പില്‍നിന്നു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നിരവധി ദിവസങ്ങള്‍ ശ്രമിച്ചാല്‍ മാത്രമേ മുഴുവന്‍ ബാറ്ററികള്‍ കൊണ്ടുപോകാന്‍ കഴിയൂ. ബാറ്ററികളെല്ലാം ഇളക്കിയെടുക്കുമ്പോള്‍ ഇതിനുള്ളിലെ ആസിഡും മറ്റും ടൈലിലേക്ക് വീഴും.
എന്നാല്‍ അതൊന്നും ഉണ്ടാകാത്ത വിധത്തില്‍ വളരെ വിദഗ്ധമായാണ് ബാറ്ററി കൊണ്ടുപോയത്. ബാറ്ററികളെല്ലാം എടുത്തശേഷം അതുറപ്പിക്കുന്ന ചട്ടക്കൂടുകള്‍ കൃത്യമായി കൂട്ടിച്ചേര്‍ത്തു വച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സി.ഐ പറയുന്നു. ജയില്‍വളപ്പിലെ പവര്‍ ലോണ്ട്രി യൂനിറ്റ് കെട്ടിടത്തിലാണ് മോഷണമുണ്ടായത്. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പിറകുവശത്തായി വരുന്ന ജയിലിന്റെ ഭാഗമാണ് ഇത്.
ഇത്രയും വലിയൊരു മോഷണം ജയില്‍വളപ്പില്‍ നടത്താന്‍ ആസൂത്രിതമായും അതേസമയം ഉപയോഗശൂന്യമായ സോളാര്‍ ബാറ്ററികളെക്കുറിച്ച് വിവരമുള്ളതും വൈദഗ്ധ്യമുള്ളതുമായ ആള്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ. ദിവസങ്ങളെടുത്ത് മുഴുവന്‍ ബാറ്ററികളും കൊണ്ടുപോകണമെങ്കില്‍ ജയിലില്‍ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലേക്ക് പോകണം. പൊലീസിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തീകരിച്ചെങ്കിലും മോഷണത്തെക്കുറിച്ച് യാതൊരു തുമ്പും ഇതുവരെ ലഭിച്ചില്ല. മോഷണം നടന്ന ഭാഗത്ത് സി.സി ടി.വി കാമറകള്‍ ഇല്ലെന്നത് തിരിച്ചടിയാണ്.