ദേശീയപാതയിലെ ഓട വീണ്ടും അടഞ്ഞു; കൃഷിയിടങ്ങൾ വെള്ളത്തിൽ
text_fieldsനാവായിക്കുളത്തെ കൃഷിയിടത്തിൽ വെള്ളംകയറിയ നിലയിൽ
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപത്തെ ഏലയിൽനിന്ന് ദേശീയപാതക്ക് കുറകെയുള്ള ഓടവീണ്ടും അടഞ്ഞു. ഇതേതുടർന്ന് സമീപത്തെ കൃഷിയിടങ്ങൾ വെള്ളത്തിലായി. വലിയകുളത്തിന്റെ ഭാഗത്തുനിന്ന് വരുന്ന വെള്ളമാണ് ദേശീയപാതക്ക് മറുഭാഗത്തേക്ക് ഒഴുകിപ്പോകാൻ കഴിയാതെ കെട്ടിനിൽക്കുന്നത്.
വയലുകൾ നിറയുകയും കൃഷികൾ പൂർണമായി വെള്ളത്തിലാവുകയും ചെയ്തു. മഴപെയ്താൽ വീടുകളിൽവരെ വെള്ളം കയറാൻ സാധ്യതയുണ്ട്. ഒഴുക്കില്ലാത്ത വെള്ളമായതിനാൽ കൊതുകുശല്യം രൂക്ഷമായി. പഴയ ഓട പുനഃസ്ഥാപിച്ച് ഏലായിലെ വെള്ളക്കെട്ട് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം നാവായിക്കുളം അശോകൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിവേദനം നൽകി.