എം.ഡി.എം.എ വേട്ട; പിടിയിലായത് മയക്കുമരുന്ന് വിപണനരംഗത്തെ വമ്പൻ സ്രാവ്
text_fieldsപ്രതികളുടെ ലഗേജുകൾ കല്ലമ്പലം ജങ്ഷനിൽ കട വരാന്തയിൽ പരിശോധനക്ക് ശേഷം തിരികെ പാക്ക് ചെയ്യുന്നു
കല്ലമ്പലം: മയക്കുമരുന്ന് കടത്തിനും വിപണത്തിനും വിപുലമായ തന്ത്രങ്ങൾ പയറ്റുന്ന സഞ്ജു വീണ്ടും പിടിയിലാകുന്നത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ എം.ഡി.എം.എ ശേഖരവുമായി. സഞ്ജു ലഹരി വിപണരംഗത്തെ പ്രാധാനിയാണെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ പിടിക്കപ്പെട്ട സഞ്ജു നിലവിൽ വിദേശത്തുനിന്ന് വളരെ തന്ത്രപരമായാണ് വൻവില വരുന്ന മയക്കുമരുന്നുമായി നാട്ടിലേക്ക് എത്തിയത്.
ഗൾഫിലേയും തിരുവനന്തപുരത്തേയും വിമാനത്താവളങ്ങളിലെ എല്ലാ പരിശോധനകളെയും അതിജീവിച്ചാണ് ഒന്നേകാൽ കിലോ എം.ഡി.എം.എ തിരുവനന്തപുരത്ത് എത്തിച്ചത്. ഇതോടെ മയക്കുമരുന്ന് കടത്തിന്റെ 90 ശതമാനം പിന്നിട്ട സഞ്ജു, പക്ഷേ കേരള പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ നാട്ടിലേക്ക് വരുന്നുവെന്ന വിവരം കിട്ടിയതു മുതൽ പൊലീസ് ലഭ്യമായ സ്രോതസ്സുകളിലൂടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. ഈ നിരീക്ഷണത്തിലാണ് മയക്കുമരുന്ന് നാട്ടിലേക്ക് എത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.
സഞ്ജുവിനെയും സംഘത്തെയും വിമാനത്താവളത്തിനുള്ളിൽ നിന്ന് തന്നെ പൊലീസ് പിന്തുടർന്ന് തുടങ്ങി. നിരവധി വാഹനങ്ങളിലാണ് പൊലീസ് ഇവരെ പിന്തുടർന്നത്. കല്ലമ്പലത്ത് സഞ്ചു സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു. കൂടെയുണ്ടായിരുന്ന പിക്കപ്പ് ഇവരെ വെട്ടിച്ച് മുന്നോട്ട് നീങ്ങി. ഒരു സംഘം പൊലീസ് പിക്കപ്പിന് പിന്നാലെ പോയി. ദേശീയപാതയിൽ നിന്ന് ഇടറോഡിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ ആദ്യം നിഷേധിച്ചുവെങ്കിലും നേരം പുലരുവോളം വളരെ സൂക്ഷ്മമായി ഓരോ ലഗേജുകളും സാധനങ്ങളും പരിശോധിച്ചു. ഇതിൽ നിന്നുമാണ് എം.ഡി.എം.എ ശേഖരം കണ്ടെത്തിയത്.
ലഹരിക്കെതിരായ കേരള പൊലീസിന്റെ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ സഞ്ജുവിനെ നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനകം ഇയാൾ നാടുവിട്ടു. തുടർന്ന് വൻ മയക്കുമശേഖരമായാണ് സ്ഥലത്തേക്ക് മടങ്ങിയെത്തുന്നത്. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് വർക്കല പൊലീസ് ഡിവിഷൻ പരിധിയിൽ സമീപകാലത്ത് പിടിക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.