ദേശീയപാത നിർമാണം; കൃഷിഭൂമി വെള്ളത്തിനടിയിലായി
text_fieldsവെള്ളത്തിന് അടിയിലായ കൃഷിയിടം
കല്ലമ്പലം: ദേശീയപാത നവീകരണ പദ്ധതി അനന്തമായി ഇഴയുന്നതിനാൽ സമീപ മേഖലകളിലെ കൃഷിഭൂമികൾ വെള്ളത്തിനടിയിലായി. കർഷകർ പ്രതിസന്ധിയിൽ. നാവായിക്കുളം പഞ്ചായത്തിലെ ആറ്, 13 വാർഡുകൾ ഉൾപ്പെടുന്ന പൊന്നാംകോണം, മങ്ങാട്ടുവാതുക്കൽ ഏലകൾ വെള്ളത്തിനടിയിൽ ആയിട്ട് മാസങ്ങളായി. മങ്ങാട്ടുവാതുക്കൽ റോഡിന്റെ കുറുകെ ഓട നിർമിക്കുന്നതിനായി നിലവിലെ ഓട അടച്ചതാണ് വെള്ളക്കെട്ടിന് കാരണം.
നിലവിലെ ഓട അടച്ചതോടെ ഒഴുകിവരുന്ന വെള്ളം മറുവശത്തേക്ക് കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്. ഇതിനാൽ റോഡിന്റെ കിഴക്കുവശത്ത് ഉള്ള ഭൂമി പൂർണമായും വെള്ളത്തിനടിയിലായി. 3 ഏക്കർ കൃഷി ഇടങ്ങൾ നിലവിൽ പൂർണമായും വെള്ളത്തിനടിയിലാണ്. വാഴ, മരിച്ചീനി, ചേമ്പ്, ഇഞ്ചി എന്നീ വിളകളെല്ലാം നശിച്ചു. വ്യാപകമായ കൃഷി നാശത്തിലൂടെ കൃഷിക്കാർക്ക് ലക്ഷ കണക്കിന് രൂപ നഷ്ടമായി. 50 ൽ പരം വീടുകൾ ഉള്ള സ്ഥലണിത്. കൊതുക് ശല്യം വർധിച്ച് പകർച്ച വ്യാധികൾ പടരാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഓട എത്രയും വേഗം പുനസ്ഥാപിക്കുകയും വെള്ളക്കെട്ട് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വാർഡ് മെമ്പർ നാവായിക്കുളം അശോകൻ പഞ്ചായത്ത് കൃഷി ഓഫീസ്, വില്ലേജ് ഓഫീസ്, എൻ.എച്ച് അധികൃതർക്കും പരാതി നൽകി.


