മാലിന്യനിക്ഷേപം; വീർപ്പുമുട്ടി നാവായിക്കുളം
text_fieldsവലിയകുളത്തിന് സമീപം ബാർബർ ഷോപ്പ് മാലിന്യം തള്ളിയനിലയിൽ, നാവായിക്കുളം തട്ടുപാലത്തിന് സമീപം ചാലിൽ കക്കൂസ് മാലിന്യം തള്ളിയനിലയിൽ
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ പൊതുവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ആവർത്തിക്കുന്നു. കക്കൂസ്, ഹോട്ടൽ, ബാർബർ ഷോപ്പ് എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യം പൊതുവിടങ്ങളിലും ജലാശയങ്ങളിലും തള്ളുന്നത് പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നു.
നാവായിക്കുളം തട്ടുപാലത്ത് ഞായറാഴ്ച രാത്രി വീണ്ടും കക്കൂസ് മാലിന്യ തള്ളി. തിങ്കളാഴ്ച പുലർച്ചയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ദേശീയപാതയിൽ തട്ടുപാലം അസിലിയ ഹോട്ടലിന് സമീപം പാവൂർക്കോണം ഏലവഴിയുള്ള വെള്ളം കുന്നത്ത് പണ ഏലയിൽ പോകാൻ റോഡിന് സമാന്തരമായി എടുത്ത ചാലിലാണ് കക്കൂസ് മാലിന്യം തള്ളിയത്. 28ാം മൈലിനും തട്ടുപാലത്തിനും ഇടയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. രാത്രി രണ്ടിനും നാലിനുടയിലാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. ഹൈവേ പൊലീസ് ഈ ഭാഗങ്ങളിൽ പട്രോളിങ് ശക്തമാക്കണമെന്ന് പഞ്ചായത്തംഗം നാവായിക്കുളം അശോകൻ ആവശ്യപ്പെട്ടു.
നേരത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ മാലിന്യവാഹനം പിടികൂടിയിരുന്നു. അതിനുശേഷം മാസങ്ങളോളം മാലിന്യം തള്ളിയിരുന്നില്ല. കഴിഞ്ഞയാഴ്ച നാവായിക്കുളം വലിയകുളത്തിനോട് ചേർന്ന് ബാർബർ ഷോപ്പിൽനിന്നുള്ള മാലിന്യം കണ്ടെത്തി. പാതയോരത്ത് തള്ളിയ മുടി കാറ്റത്ത് പറന്ന് കുളത്തിൽ വീഴുന്ന അവസ്ഥയിലാണ്. പ്രദേശമാകെ മുടി പടർന്നു.
സർക്കാരും പഞ്ചായത്തും പൊതുവിടങ്ങൾ മാലിന്യമുക്തമാക്കുമ്പോൾ ഇത്തരം പ്രവൃത്തികൾ അധികൃതരെയും പ്രതിസന്ധിയിലാക്കുന്നു. ഒരു മാസത്തിനിടയിൽ മുമ്മൂന്നി പാലത്തിനടുത്തും മാലിന്യം തള്ളി. ദേശീയപാതയിൽ മങ്ങാട്ടു വാതുക്കലിൽ കക്കൂസ് മാലിന്യം തള്ളിയത് കണ്ടെത്തി. മാലിന്യം തള്ളുന്നതിനെതിരെ സർക്കാരും പഞ്ചായത്തും കർശന നടപടികൾ സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ ഇവരെ കണ്ടെത്തി ശിക്ഷ നൽകാത്തതാണ് സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.