പ്ലാസ്റ്റിക് ഒഴിവാക്കാം; പൊതുപരിപാടികൾക്ക് പ്ലേറ്റും ഗ്ലാസും ഇനി കുടുംബശ്രീ നൽകും
text_fieldsകുടുംബശ്രീയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതിയിൽ പൈവേലിക്കോണം ബിജു, സി.ഡി.എസ്
അംഗം പത്മ രാമചന്ദ്രന് പ്ലേറ്റ് നൽകി ഉദ്ഘാടനം ചെയ്യുന്നു
കല്ലമ്പലം: മാലിന്യമുക്തം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡിലെ 13 അയൽക്കൂട്ടങ്ങളിലായി 197 പേരുടെ നേതൃത്വത്തിൽ വാർഡുകളിൽ നടക്കുന്ന യോഗങ്ങളിലും പരിപാടികളിലും ഉപയോഗിക്കുന്നതിനായി സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും വാങ്ങി.
ഓരോ പൊതു പരിപാടിക്കും ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്നതിന് പ്ലാസ്റ്റിക് പേപ്പർ, തെർമോകോൾ പാത്രങ്ങളും കപ്പുകളും വലിയതോതിൽ ഉപയോഗിക്കുന്നുണ്ട്. ഇത് ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിക്കാനാണ് കുടുംബശ്രീ കൂട്ടായ്മകൾ മുന്നിട്ടിറങ്ങിയത്. പൊതുപരിപാടികൾക്ക് ആവശ്യമായ സ്റ്റീൽ പാത്രങ്ങൾ ഇനി കുടുംബശ്രീ ലഭ്യമാക്കും.
വാടക ഇനത്തിൽ കുടുംബശ്രീ യൂനിറ്റുകൾക്ക് വരുമാനവും ലഭിക്കും. ഒരേ സമയം മികച്ച നിക്ഷേപ പദ്ധതിയും പരിസ്ഥിതി സൗഹൃദ സംരക്ഷണ പദ്ധതിയും ആണ് കുടുംബശ്രീ യൂനിറ്റുകൾ യാഥാർഥ്യമാക്കിയത്.
പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡംഗം പൈവേലിക്കോണം ബിജു, സി.ഡി.എസ് അംഗം പത്മ രാമചന്ദ്രന് പ്ലേറ്റ് നൽകി നിർവഹിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച അയൽക്കൂട്ട അംഗങ്ങളെ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പ്രവീൺ പി അഭിനന്ദിച്ചു. മാർക്കറ്റിനകത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.