ഇരുചക്ര വാഹനത്തിൽ നിന്ന് പട്ടാപ്പകൽ പണം കവർന്നു
text_fieldsകല്ലമ്പലം: നഗരമധ്യത്തിൽ പാർക്ക് ചെയ്ത സ്കൂട്ടറിന്റെ സീറ്റിന് അടിയിൽ സൂക്ഷിച്ച 170000 രൂപ കവർന്നു. നാവായിക്കുളം ഞാറയിൽക്കോണം ദാറുൽ ദുആയിൽ നാസിമുദീന്റെ പണം ആണ് മൂന്നംഗ സംഘം ചേർന്ന് കവർന്നത്. തിങ്കളാഴ്ച ഉച്ചയോടെ കല്ലമ്പലം ജങ്ഷനിൽ കൊല്ലം റോഡിലാണ് സംഭവം.
നാവായിക്കുളം രജിസ്റ്റർ ഓഫിസിൽ നിന്ന് വസ്തു ഇടപാട് നടത്തിയ ശേഷം പണവുമായി കല്ലമ്പലത്തിലെത്തിയതായിരുന്നു. വാഹനം ലോക്ക് ചെയ്ത് പാർക്ക് ചെയ്ത ശേഷം അടുത്തുളള മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനായി പോയി. തിരികെ വരുമ്പോൾ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. സമീപത്തെ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് മൂന്നംഗ സംഘം ചേർന്ന് വിദഗ്ധമായി സീറ്റ് തുറന്ന് കവർച്ച നടത്തുന്ന ദൃശ്യം കണ്ടത്. ഉടൻ പൊലീസിൽ പരാതി നൽകി. ദേശീയ പാതയിൽ വാഹനങ്ങൾ നിരയായി കടന്നു പോകുമ്പോഴാണ് പാതയോരത്ത് പാർക്ക് ചെയ്ത വാഹനത്തിൽ കവർച്ച നടന്നത്. നാലുവശത്തും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. കവർച്ച നടക്കുമ്പോഴും ആൾക്കാർ സ്കൂട്ടറിന് അരുകിൽ കൂടി പോകുന്നുണ്ട്. മോഷ്ടാക്കൾ നാസിമുദീനെ പിന്തുടർന്ന് എത്തിയതാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.