തെരുവ് നായ ആക്രമണം; 50 ഓളം കോഴികൾ ചത്തു
text_fieldsപുതുശ്ശേരിമുക്ക് സജിയുടെ വീട്ടിലെ കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്ന നിലയിൽ
കല്ലമ്പലം: തെരുവ് നായ ആക്രമണത്തിൽ നാവായിക്കുളത്ത് വീട്ടിൽ വളർത്തിയിരുന്ന 50 ഓളം കോഴികൾ ചത്തു. പുതുശ്ശേരിമുക്ക് തലവിള റുക്സാന മൻസിലിൽ സജിയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കോഴികളുടെ കൂട്ടകരച്ചിൽ കേട്ട് വീട്ടുകാർ നോക്കുമ്പോൾ പത്തോളം നായ്ക്കൾ കോഴികളെ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്.
വീട്ടുകാർ ബഹളം ഉണ്ടാക്കി നായ്ക്കളെ ഓടിച്ചുവിട്ടു. എന്നാൽ ഇതിനകം കോഴികളിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടിരുന്നു. വീട്ടുകാർ വർഷങ്ങളായി ഉപജീവന മാർഗമായി മുട്ട കോഴി വളർത്തൽ നടത്തിവരികയായിരുന്നു. കൂടും അനുബന്ധ സംവിധാനങ്ങളും നായകളുടെ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് ഈ കുടുംബത്തിന് ഉണ്ടായത്.
തെരുവുനായ ആക്രമണത്തിൽ അമ്പതോളം കോഴികളെ നഷ്ടപ്പെട്ട വിവരം പഞ്ചായത്തിൽ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം പരാതിപ്പെട്ടു. നാവായിക്കുളം ഡീസന്റ്മുക്ക് മേഖലയിൽ മുൻപും തെരുവു നായ്ക്കൾ നൂറുകണക്കിന് കോഴികളെ കൊന്നൊടുക്കിയിട്ടുണ്ട്. പ്രദേശം കേന്ദ്രീകരിച്ച് തെരുവുനായകൾ പെരുകുന്നതായാണ് പരാതി. നടപടി സ്വീകരിക്കേണ്ട ഗ്രാമപഞ്ചായത്ത് അധികൃതർ നിശബ്ദത പാലിക്കുകയാണ്.