തെരുവുനായ ശല്യം രൂക്ഷം; കടുവയിൽ മേഖലയിൽ നാലു പേർക്ക് കടിയേറ്റു
text_fieldsകരവാരം വില്ലേജ് ഓഫീസ് വരാന്തയിൽ പ്രവർത്തി സമയത്ത് തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ
കല്ലമ്പലം: കടുവയിൽ പ്രദേശത്ത് നാലുപേർക്ക് തെരുവുനായകളുടെ കടിയേറ്റു. മാറൻകോട് കൊച്ചുവിള വീട്ടിൽ എം.എം.ഹാഷിം, കടുവയിൽ സ്വദേശികളായ ശിവശങ്കരക്കുറുപ്പ്, സബു, ഷിബുലാൽ എന്നിവർക്കാണ് കടിയേറ്റത്.
കച്ചവടം നടത്തുന്ന ഹാഷിം കടയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കൂട്ടമായി വന്ന നായ്ക്കൾ ആക്രമിക്കുകയായിരുന്നു. നിലത്ത് വീണുപോയ ഹാഷിമിന്റെ കാലുകളിൽ കടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായ്ക്കളെ ഓടിച്ചത്. ഒരാഴ്ച മുൻപ് സമീപ പ്രദേശമായ തോട്ടക്കാട് മേഖലകളിലും തെരുവുനായയുടെ ഭീഷണി നേരിട്ടതായി നാട്ടുകാർ പറയുന്നു.
കടുവയിൽ പ്രദേശത്തെ ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രാത്രി തെരുവു നായ്ക്കൾ വൻതോതിൽ താവളമടിക്കുന്നു എന്നാണ് പരാതി. ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങൾ കുന്നുകൂടുന്ന സ്ഥലത്തും ഇവ ക്യാമ്പ് ചെയ്യുന്നു. പകൽ സമയത്ത് പൊതു നിരത്തുകളിൽ ഇറങ്ങി വയോധികർക്കും കുട്ടികൾക്കും ഭീഷണിയാകുന്ന സ്ഥിതിയാണ്. കരവാരം മണമ്പൂര് പഞ്ചായത്ത് പ്രദേശങ്ങളിലും വ്യാപകമായി തെരുവുനായ ശല്യം ഉണ്ട്.


