തെരുവ് നായുടെ തല ഡ്രമ്മിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്സ് രക്ഷകരായി
text_fieldsകല്ലമ്പലം: തെരുവ് നായയുടെ തല ഡ്രമ്മിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്സ് രക്ഷകരായി. കല്ലമ്പലം നാവായിക്കുളം തട്ടുപാലത്തിന് സമീപം ഷാഫിയുടെ വീട്ടുപരിസരത്ത് ഉണ്ടായിരുന്ന ഡ്രമ്മിനുള്ളിലാണ് തെരുവുനായ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് തെരുവ് നായയുടെ വിളികേട്ട് വീട്ടുകാർ ശ്രദ്ധിച്ചത്. ഡ്രമ്മിന്റെ ഒരുവശത്തുള്ള ഇടുങ്ങിയ കഴുത്തിനുള്ളിൽ തെരുവ് നായയുടെ തല അകപ്പെട്ട നിലയിലായിരുന്നു. നായ പ്രാണരക്ഷാർഥം ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. തുടർന്ന് വീട്ടുകാർ കല്ലമ്പലം ഫയർഫോഴ്സിൽ വിവരമറിയിച്ചു.
വലിയ ഫൈബർ ഡ്രം മുറിച്ചുള്ള രക്ഷാപ്രവർത്തനം സങ്കീർണ്ണം ആയിരുന്നതിനാൽ ഏകദേശം ഒരു മണിക്കൂറിലേറെ സമയമെടുത്താണ് അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഡ്രം കട്ട് ചെയ്തു തെരുവ് നായയെ രക്ഷപ്പെടുത്തിയത്. സമീപ ദിവസങ്ങളിൽ പ്രസവിച്ച തെരുവുനായ മഴക്കാലമായതോടെ കുഞ്ഞുങ്ങളെ സുരക്ഷിതമാക്കാനുള്ള സ്ഥലം അന്വേഷിക്കവെ ഡ്രമ്മിനുള്ളിൽ തലയിടുകയും അപ്പോൾ തല കുടുങ്ങി പോയതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കല്ലമ്പലം അഗ്നി രക്ഷാ നിലയത്തിലെ ഷാക്കിറിന്റെ നേതൃത്വത്തിൽ സജി, വിനേഷ്, അനിൽ, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.


