കിണറ്റിൽ വീണ മുള്ളൻപന്നിയെ വനംവകുപ്പ് രക്ഷിച്ചു
text_fieldsകിണറ്റിൽ വീണ മുള്ളൻ പന്നിയെ വനംവകുപ്പ് പിടികൂടിയപ്പോൾ
കല്ലമ്പലം: മുള്ളൻപന്നി കിണറ്റിൽ വീണു; വനംവകുപ്പ് രക്ഷിച്ചു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് മുള്ളൻപന്നി പെട്ടത്.
പുല്ലൂർമുക്ക് കരവാരം റോഡിൽ വഴുതാണിക്കോണം ക്ഷേത്രത്തിന് സമീപം പുരയിടത്തിലെ കിണറ്റിൽ ഞായർ രാത്രിയാണ് മുള്ളൻ പന്നി അകപ്പെട്ടത്. ധാരാളം വെള്ളമുള്ള ആഴം കുറഞ്ഞ കിണറായിരുന്നു. പുലർച്ചെ കിണറ്റിൽ നിന്നുള്ള ശബ്ദം കേട്ട് നാട്ടുകാരിൽ ചിലർ നോക്കിയപ്പോഴാണ് കിണറിനു ള്ളിൽ നീന്തിനടക്കുന്ന മുള്ളൻപന്നിയെ കണ്ടത്.
കാണാനായി ജനം തടിച്ചു കൂടി. വിവരമറിയിച്ചതിനെ തുടർന്ന് പാലോട് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കിണറ്റിലിൽ വല ഇറക്കി മുള്ളൻപന്നിയെ അതിനുള്ളിലാക്കി. പുറത്തെടുത്ത ശേഷം ഇരുമ്പ് കൂട്ടിലാക്കി കൊണ്ടു പോയി. വെറ്ററിനറി ഡോക്ടർ പരിശോധിച്ച ശേഷം അവശതകളില്ലെങ്കിൽ കാട്ടിലേക്ക് വിടുമെന്ന് അധികൃതർ പറഞ്ഞു.