വടിവാളും പെട്രോൾ ബോംബുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കല്ലറ: വീട് ആക്രമണത്തിന് വടിവാളും പെട്രോള്‍ ബോംബുമായി പോയ സംഘത്തിലെ രണ്ടുപേർ പിടിയിലായി. കല്ലറ താപസഗിരി ഷാനിഫാ മന്‍സിലില്‍ സിദ്ദീഖ് (25), കല്ലറ ഉണ്ണിമുക്ക് കൊച്ചു കടയില്‍ വീട്ടില്‍ ആസിഫ് (27) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കല്ലറയിലുള്ള ബാറില്‍ വെച്ച് ഇവരിലൊരാളും തണ്ണിയത്തുള്ള ഇരട്ട സഹോദരങ്ങളായ സൈനികരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ പറഞ്ഞുവിട്ടു. എന്നാല്‍, രാത്രിയില്‍ ആക്രമണമുണ്ടാകുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നേരത്തെ വഴക്കിട്ട സഹോദരങ്ങളുടെ വീടിനു സമീപം മറഞ്ഞിരിക്കുകയും ബൈക്കില്‍ വീട് ആക്രമണത്തിനെത്തിയ പ്രതികളെ പിടികൂടുകയുമായിരുന്നെന്നാണ് ഇത് സംബന്ധിച്ച് പൊലീസ് പറയുന്നത്.
ഇവരില്‍ നിന്ന് പെട്രോള്‍ നിറച്ച നാല് കുപ്പികളും ഒരു വടിവാളും പിടിച്ചെടുത്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാനിഫിന്റെ നേതൃത്വത്തില്‍ എസ്.ഐ രാജേഷ്, സീനിയര്‍ സിവിൽ പൊലീസ് ഓഫിസര്‍ ജുറൈജ്, സിവിൽ പൊലീസ് ഓഫിസര്‍മാരായ ഹരികൃഷ്ണന്, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.