കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വ്യാജ ബോംബ് ഭീഷണി
text_fieldsകെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിൽ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു
കണിയാപുരം: കെ.എസ്.ആർ.ടി.സി കണിയാപുരം ഡിപ്പോയിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോയിലേക്ക് ഇന്റർനെറ്റ് വഴിയുള്ള അജ്ഞാത ഫോൺ സന്ദേശം എത്തിയത്.
തമ്പാനൂർ പൊലീസ് മംഗലപുരം പൊലീസിനെയും കണിയാപുരം ഡിപ്പോ അധികൃതരെയും വിവരമറിയിച്ചു. തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ഡിപ്പോ പരിസരവും ഓഫിസും ജീവനക്കാരുടെ വിശ്രമമുറികളും ബസ് ഗ്യാരേജും പൂർണമായും പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ തെറ്റായ ഫോൺ സന്ദേശമെന്നാണ് പൊലീസ് കരുതുന്നത്. രാവിലെ ഒമ്പതരക്ക് തുടങ്ങിയ പരിശോധന ഒന്നരമണിക്കൂർ നീണ്ടു.