വീട്ടമ്മയുടെ സ്കൂട്ടർ കത്തിച്ചു
text_fieldsകണിയാപുരം: അപവാദം പറഞ്ഞത് ചോദ്യം ചെയ്ത വീട്ടമ്മയുടെ സ്കൂട്ടർ കത്തിച്ചു. തിരുവനന്തപുരം കണിയാപുരം കണ്ടലിലാണ് സംഭവം. കണ്ടൽ പുത്തൻകടവ് ഷാഹിന കോട്ടേജിൽ ഷാഹിനയുടെ സ്കൂട്ടറാണ് കത്തിച്ചത്. വീട്ടിന് മുന്നിൽ വെച്ചിരുന്ന സ്കൂട്ടറാണ് രാത്രിയിൽ കത്തിച്ചത്.
സ്ഥിരമായി തന്റെ പേരിൽ അപവാദങ്ങൾ പറഞ്ഞു പരത്തുന്ന സമീപവാസിയായ നൗഫലാണ് സ്കൂട്ടർ കത്തിച്ചതെന്നാണ് പരാതി. ഇയാളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളാണോ സ്കൂട്ടർ കത്തിച്ചതെന്ന കാര്യം പൊലീസ് ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഷാഹിനയുടെ സഹോദരനായ സനീറുമായി നൗഫൽ വഴക്കുണ്ടാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത ഷാഹിനയെ നൗഫൽ ചീത്തവിളിച്ചു.
രാത്രി പതിനൊന്നരയോടെ വീട്ടിനുള്ളിൽ പുക നിറഞ്ഞത് ശ്രദ്ധയിൽപെട്ട് പുറത്ത് നോക്കിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് കണ്ടത്. വെള്ളമൊഴിച്ച് തീയണക്കാതിരിക്കാൻ വീട്ടിന് പുറത്തെ ടാപ്പുകൾ തുറന്നുവിട്ട നിലയിലായിരുന്നു. സമീപവാസികളും ഓടിയെത്തി തീയണച്ചെങ്കിലും സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പിക്കും ഷാഹിന പരാതി നൽകി. മംഗലപുരം പൊലീസ് കേസെടുത്തു.