നിരോധിച്ചു, ബോർഡ്വെച്ചു; അനധികൃത പാർക്കിങ് തുടരുന്നു, ഗതാഗതക്കുരുക്കിൽ കാട്ടാക്കട
text_fieldsകഞ്ചിയൂര്‍ക്കോണം റോഡിലെ ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ്
കാട്ടാക്കട: കാട്ടാക്കട പട്ടണത്തിലെ ഗതാഗതപരിഷ്കരണം പിഴ ചുമത്താൻ മാത്രമായി. പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തിയ റോഡുകളില്‍ ഉള്‍പ്പെടെ അനധികൃത പാര്‍ക്കിങ് കാരണം ഗതാഗതകുരുക്ക് വീണ്ടും രൂക്ഷമായി. പ്രശ്നമുണ്ടാകുമ്പോള്‍ പിഴയീടാക്കാൻ ഫോട്ടോയെടുക്കുന്നതല്ലാതെ അനധികൃത പാര്‍ക്കിങ് തടയാനോ നിയന്ത്രിക്കാനോ സംവിധാനമില്ല. ഏപ്രില്‍ ഒന്നു മുതലാണ് കാട്ടാക്കടയില്‍ ഗതാഗതത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെത്തിയത്. ജങ്ഷനിലെ റോഡ്സൈഡ് പാർക്കിങും, വഴിയോര കച്ചവടവും ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന വ്യാപക പരാതിയെതുടര്ന്നാണിത്.
കാട്ടാക്കട-കഞ്ചിയൂർക്കോണം വാഹന പാര്‍ക്കിംങ് പൂര്‍ണ്ണമായും നിരോധിച്ചു. ഈ റോഡിന്റെ ഇരുവശത്തുമുള്ള വാഹനങ്ങളുടെ നീണ്ടനിര കാരണം രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട അടിയന്തിര ഘട്ടങ്ങളില്‍ പോലും കഞ്ചിയൂര്‍കോണം ഭാഗത്ത് നിന്ന് പുറത്തേക്കോ അകത്തേക്കോ യാത്രചെയ്യാനാവാത്ത സ്ഥിതിയായിരുന്നു. പഞ്ചായത്താഫീസ്, കോടതി, വിദ്യാഭ്യാസ വകുപ്പ് ഓഫിസ്, റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടർ എന്നിവിടങ്ങളിലേക്ക് എത്തുന്നവരും പട്ടണത്തിലെത്തി മറ്റുള്ളിടങ്ങളിലേക്ക് പോകുന്നവരുമാണ് കഞ്ചിയൂര്‍കോണം റോഡിൽ വാഹനങ്ങൾ പാര്‍ക്ക് ചെയ്ത് പോകുന്നതിൽ കൂടുതലും.
ഇതായിരുന്നു കാട്ടാക്കട ജങ്ഷനിലെ ഗതാഗതക്കുരുക്കിന് കാരണമെന്ന് കണ്ടെത്തിയത്. കഞ്ചിയൂര്ക്കോണംറോഡിലെ പാര്‍ക്കിംങ് നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചതോടെ പട്ടണത്തിലെ ഗതാഗത കുരുക്കിന്ഏകദേശം ശമനമായി. എന്നാല്‍ അടുത്ത ദിവസങ്ങളിലായി വീണ്ടും വാഹന പാര്‍ക്കിങ് തുടങ്ങിയതോടെ ഗതാഗതപ്രശ്നം വീണ്ടും സങ്കീര്‍ണമായി.
മൊളിയൂര്‍ സ്റ്റേഡിയം, ദേവസ്വം ബോര്‍ഡ് ക്ഷേത്ര കാമ്പൗണ്ട്, കെ.എസ്.ആര്.ടി.സിയുടെ സ്ഥലം എന്നിവ വെറുതെ കാടുപിടിച്ച് കിടക്കുകയാണ്. ഈ സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കി വാഹനങ്ങളുടെ പാര്‍ക്കിങിനു വേണ്ടി സൗകര്യമൊരുക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.