യു.ഡി.എഫിൽ തർക്കം രൂക്ഷം; കുറ്റിച്ചലിൽ ആർ.എസ്.പി ഒറ്റക്ക് മത്സരിക്കും
text_fieldsകാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിൽ യു.ഡി.എഫ് സീറ്റ് വിഭജനത്തിൽ തര്‍ക്കം രൂക്ഷമായതോടെ ആര്.എസ്.പി അഞ്ച് വാർഡുകളിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. നാമനിര്‍ദ്ദേശപത്രിക ബുധനാഴ്ച സമർപ്പിക്കും.
15 വാർഡിൽ രണ്ട് സീറ്റ് ആര്.എസ്.പിക്കും ഒന്ന് മുസ്ലിം ലീഗിനും നൽകാം എന്നായിരുന്നു കോൺഗ്രസ് നിർദേശം. എന്നാൽ കഴിഞ്ഞ തവണ വിജയിച്ച സീറ്റ് ഉൾപ്പെടെ മൂന്നെണ്ണം വേണമെന്നും ആര്യനാട് ജില്ല പഞ്ചായത്ത് ഡിവിഷനും ആര്.എസ്.പി ആവശ്യപ്പെട്ടു.
ജില്ല പഞ്ചായത്ത് സീറ്റ് പിന്നീട് നിഷേധിച്ചപ്പോൾ ആര്.എസ്.പിക്കായി നീക്കിയിട്ട സീറ്റുകൾ മാറ്റണമെന്നും വിജയ സാധ്യതയുള്ള മൂന്ന് സീറ്റുകൾ വേണമെന്നും ആവശ്യം ഉയർത്തി. ഇതില്‍ ധാരണയാകാത്തതിനാലാണ് ആര്.എസ്.പി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്രകമ്മിറ്റി അംഗം കെ.എസ്.സനൽകുമാർ പറഞ്ഞു.
നിലവില്‍ കുറ്റിച്ചൽ, ചോനാംപാറ വാര്‍ഡുകള്‍ മാത്രമാണ് കോണ്‍ഗ്രസ് അംഗങ്ങളുള്ളത്. കുറ്റിച്ചല്‍ പഞ്ചായത്തില്‍ നാല് വാർഡുകളിൽ കോൺഗ്രസിന് വിമത സ്ഥാനാർഥികളുണ്ട്. ഓഫീസ് വാർഡിൽ സ്ഥാനാർഥിയായി ആദ്യഘട്ടം പ്രചാരണം തുടങ്ങിയ കുറ്റിച്ചൽ ഷാജി ഓഫീസ് വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്നു. കോണ്‍ഗ്രസ് പഞ്ചായത്തംഗമായിരുന്ന സുധീര്‍ പേഴുംമൂട് ബ്ലോക്ക് ഡിവിഷനില്‍ മത്സരിക്കുന്നു.
എലിമല, തച്ചൻകോട്, മേലേമുക്ക്, പരുത്തിപ്പള്ളി, ഹൈസ്കൂൾ വാർഡുകളിലാണ് ആര്.എസ്.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുമുന്നണിയിലും ബി.ജെ.പിയിലും കലഹം ഉടലെടുത്തിട്ടുണ്ട്. പല വാര്‍ഡുകളിലും ബി.ജെ.പിക്കും ഇടതുമുന്നണിക്കും വിമത സ്ഥാനാർഥികളെത്തുമെന്നാണ് വിവരം. ഭരണം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട കുറ്റിച്ചല്‍ മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ ബ്ലോക്ക് ഡിവിഷനില്‍ മത്സരിക്കുന്നതിനെതിരെയും പ്രവര്‍ത്തകർക്കിടയില്‍ പ്രതിക്ഷേധമുണ്ട്.


