പ്രയോജനമില്ലാതെ ഹോളോബ്രിക്സ് കമ്പനി
text_fieldsകോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പനി നടയിൽ റീത്ത് സ്ഥാപിച്ച് പ്രതിഷേധിക്കുന്നു
കാട്ടാക്കട: ലൈഫ് പദ്ധതിയിൽ വീടിന് ‘ഹോളോബ്രിക്സ്’ നൽകാൻ പൂവച്ചൽ ഗ്രാമപഞ്ചായത്ത് കാല്‍കോടിയോളം രൂപ മുടക്കി അഴിക്കാൽ സ്ഥാപിച്ച കമ്പനി നശിച്ചു. ഒരാള്‍ക്കുപോലും ഇതിന്റെ പ്രയോജനം ലഭിച്ചില്ല. പുതിയ ബജറ്റിൽ പദ്ധതി പുതുക്കുമെന്ന പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് ആക്ഷേപം.
2015- 20 ലെ എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് കൈയേറ്റം ഒഴിപ്പിച്ചെടുത്ത പഞ്ചായത്ത് ഭൂമിയിൽ ആദ്യം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ മുടക്കിയാണ് പ്രരാംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. പിന്നാലെ ആറ് ലക്ഷം രൂപ ചെലവിട്ട് ബ്രിക്സ് യൂനിറ്റ് സ്ഥാപിച്ചു. പദ്ധതി പൂർത്തിയായപ്പോഴാണ് ഇവിടെ നിർമിക്കുന്ന കല്ലുകൾക്ക് പൊതു വിപണിയിലെ വിലയെക്കാൾ കൂടുതൽ ഈടാക്കേണ്ടി വരുമെന്ന് പഞ്ചായത്തിന് ബോധ്യമായത്. പിന്നാലെ പദ്ധതി ഉപേക്ഷിച്ചു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കമ്പനി ഇപ്പോള്‍ കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറി.
ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച യന്ത്രങ്ങൾ തുരുമ്പ് കയറി നശിക്കുകയും ചെയ്തു. ഇതിനിടെ ഭൂമി അന്യാധീനപ്പെടും എന്ന ആരോപണം വന്നപ്പോൾ 2022- 23 ൽ പുതിയ എൽ.ഡി.എഫ് ഭരണ സമിതി നാലുലക്ഷം രൂപ ചെലവിട്ട് 76 മീറ്റർ ചുറ്റുവേലി സ്ഥാപിച്ചു. കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പുതിയ ബജറ്റിൽ ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഇതേ സ്ഥലത്ത് വീണ്ടും ബ്രിക്സ്, സി.ഐ.ബി. ബോർഡ്(കോൺക്രീറ്റ് ഫലകം) എന്നിവ നിർമിക്കാൻ പുതിയ കമ്പനി സ്ഥാപിക്കാൻ പ്രാരംഭ നടപടികൾക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്.
ഇതിനിടെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പനിയിൽ റീത്ത് സ്ഥാപിച്ച് നടയിൽ ധർണ നടത്തി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആർ.അനൂപ് കുമാര്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ആർ. രാഘവലാൽ, ലിജു സാമുവൽ തുടങ്ങിയവർ സംസാരിച്ചു.