കിള്ളി-മേച്ചിറ റോഡുപണി തീരുന്നില്ല; ദുരിതംപേറി നാട്ടുകാർ
text_fieldsപൈപ്പ് പൊട്ടി വെള്ളം നിറഞ്ഞ് അപകടക്കെണിയായ കിള്ളി-മേച്ചിറ റോഡ്
കാട്ടാക്കട: കിള്ളി-മേച്ചിറ പൊതുമരാമത്ത് റോഡിലൂടെ സുഗമമായി യാത്രചെയ്യണമെന്ന നാട്ടുകാരുടെ സ്വപ്നം യാഥാർഥ്യമാകുന്നില്ല. ഏറെക്കാലമായി തകര്‍ന്ന് കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നിർമാണപ്രവൃത്തികൾ തുടങ്ങിയിട്ട് മാസങ്ങളായി. ആദ്യം റോഡ് പൊളിച്ച് മണ്ണിട്ട് ഉയർത്തി. ഇതോടെ പൊടിശല്യം കാരണം ഇരുചക്രവാഹന യാത്രക്കാരും കാല്‍നടയാത്രികരും സമീപത്തെ താമസക്കാരും പൊറുതിമുട്ടുകയാണ്.
ഇതുവഴി കടന്നുപോകുന്ന കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി കിള്ളി ഭാഗത്തെ റോഡിൽ വെള്ളം നിറഞ്ഞതോടെ ഇവിടെ അപകടം പതിവായി. 2020ൽ കിള്ളി പനയംകോട്-മണലി മേച്ചിറ-ഇ.എം.എസ് അക്കാദമി വരെ 16.58 കോടി ചെലവിട്ട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കാൻ അനുമതിയായി. എന്നാൽ പണി നീണ്ടു. ഒരു വർഷം കഴിഞ്ഞ് റോഡിന്റെ നിർമാണോദ്ഘാടനം നടത്തി. എന്നാല്‍, ഇപ്പോഴും റോഡ് ഗതാഗതയോഗ്യമല്ലാതെ തുടരുകയാണ്.
കെ.എസ്.ആര്.ടി.സി ബസുകളും ഭാരം കയറ്റിയ വാഹനങ്ങളും ഉള്‍പ്പെടെ കടന്നുപോകുന്ന കിള്ളി-മേച്ചിറ റോഡിനെ ആശ്രയിക്കുന്നത് നൂറുകണക്കിനു കുടുംബങ്ങളാണ്. നിർമാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ഇനിയും മടി തുടരരുതെന്നാണ് നാട്ടുകാരുടെ അപേക്ഷ.