കിള്ളി-മേച്ചിറ-ഇ.എം.എസ് അക്കാദമി; റോഡ് നിർമാണം പാതിവഴിയിൽ
text_fieldsകിള്ളി-മേച്ചിറ-ഇ.എം.എസ് അക്കാദമി റോഡ് നിർമാണം (ഫയല്‍ ചിത്രം)
കാട്ടാക്കട: ആറുമാസം മുമ്പ് കൊട്ടിഘോഷിച്ച് നിർമാണം തുടങ്ങിയ കിള്ളി-മേച്ചിറ-ഇ.എം.എസ് അക്കാദമി റോഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കമ്പനിയുടെ തൊഴിലാളികളെ തടഞ്ഞുവെച്ചു. പരിസ്ഥിതി സൗഹൃദ നിർമാണ രീതിയില്‍ പണിതുടങ്ങിയ റോഡ് പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിയശേഷം മറ്റൊരിടത്തെ റോഡുനിർമാണത്തിന് കമ്പനി ശ്രമിച്ചു. ഇതിൽ പ്രതിക്ഷേധിച്ചാണ് നാട്ടുകാര്‍ തൊഴിലാളികളെ തടഞ്ഞുവെച്ചത്.
വര്‍ഷങ്ങളായി അറ്റകുറ്റപണി പോലും നടത്താതെ തകര്‍ന്നുകിടന്ന കിള്ളി-ഇ.എം.എസ് അക്കാദമി റോഡിന്റെ നിർമാണം കഴിഞ്ഞവര്‍ഷം അവസാനമാണ് ആരംഭിച്ചത്. സംസ്ഥാനത്തിന്റെ റോഡ് വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നിർണായകമാവുന്ന നൂതനാശയമെന്ന് പ്രഖ്യാപിച്ച് കിഫ്ബിയുടെ തെരെഞ്ഞെടുക്കപ്പെട്ട റോഡ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് കിള്ളി-മേച്ചിറ- റോഡ് പണി ആരംഭിച്ചത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കിള്ളി-മേച്ചിറ-ഇ.എം.എസ് അക്കാദമി റോഡ് ഉൾപ്പെടെ ജില്ലയിലെ അഞ്ച് റോഡുകളുടെ നിർമാണക്കരാർ വിശ്വസമുദ്ര എൻജിനീയറിങ് എന്ന തെലുങ്കാന കമ്പനിയാണ് ഏറ്റെടുത്തത്.
നിർമാണ വസ്തുക്കൾ കുറവായതിനാൽ പ്രകൃതിചൂഷണം വലിയ അളവില്‍ കുറയും, പ്രവൃത്തി വേഗത്തിൽ തീർക്കാനാവും, ചെലവ് കുറയും, അറ്റകുറ്റപ്പണി കുറവ് എന്നിങ്ങനെ മേന്മകൾ അവകാശപ്പെട്ടിരുന്നു. ഇളക്കിമാറ്റുന്ന ഉപരിതലം സിമന്റ്, സ്റ്റെബിലൈസർ എന്നിവ ചേർത്ത് പുനരുപയോഗിച്ചു, അതിനു മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ് പാളി നൽകുന്നതാണ് പുതിയ സാങ്കേതിക വിദ്യ. 24.45 കോടിയുടെ കിഫ്ബി ധനസഹായത്തോടെ 7.6 കിലോമീറ്ററോളം നീളമുള്ള റോഡ് ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു കമ്പനിയുടെ വാദം.
കമ്പനിയുടെ വാദങ്ങളെല്ലാം തട്ടിപ്പാണെന്നും കള്ളി-മേച്ചിറ റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാണെന്നും ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ യന്ത്രങ്ങളും നിമാണ സാമിഗ്രികളും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തിങ്കളാഴ്ച വൈകീട്ട് എസ്.ഡി.പി.ഐ കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് സബീര്‍, നേതാക്കളായ ഫഹദ്, ജബാദ് കിള്ളി എന്നിവരുടെ നേതൃത്വത്തില്‍ കമ്പനിയുടെ കമ്പനിയുടെ ഓഫിസിനു മുന്നില്‍ സമരം നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.