കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡ്രൈവിങ് പരിശീലന ഗ്രൗണ്ട് ‘കുള’മായി
text_fieldsകെ.എസ്.ആർ.ടി.സി ഡ്രൈവിങ് പരിശീലന കേന്ദ്രം ചളിക്കുളമായനിലയിൽ
കാട്ടാക്കട: കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് പരിശീലനവും ടെസ്റ്റും നടത്തുന്ന ഗ്രൗണ്ട് പൊട്ടിപ്പൊളിഞ്ഞ് ചളിക്കുണ്ടായി. ഇതോടെ ഡ്രൈവിങ് പരിശീനനത്തിനെത്തുന്നവരുടെ സ്ഥിതി ദുരിതപൂർണമായി. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടും ഡിപ്പോ പരിസരവും തെരുവുനായകളുടെ താവളം കൂടിയായതോടെ ദുരിതം ഇരട്ടിച്ചു. കുറഞ്ഞ ചെലവ് മികച്ച പരിശീലനം നല്‍കി റോഡ് നിയമങ്ങള്‍ പാലിക്കുന്ന ഡ്രൈവർമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷമാണ് കെ.എസ്.ആർ.ടി.സി ഡ്രൈവിങ് പരിശീലന പദ്ധതി തുടങ്ങിയത്.
കാട്ടാക്കട ഡിപ്പോയിൽ പരിശീലന കേന്ദ്രം ആരംഭിക്കുകയും കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് കോംപ്ലക്സിലെ രണ്ടാംനിലയിൽ മികച്ച സൗകര്യത്തോടെ ഓഫിസും പഠനമറിയും സജ്ജമാക്കുകയും ചെയ്തു. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഗ്രൗണ്ടിൽ മഴക്കാലമായതോടെ പരിശീലകരും പഠിക്കാൻ എത്തുന്നവരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ, ചളിക്കുളമായി കിടക്കുന്ന ഈ ഗ്രൗണ്ടിലൂടെയാണ് ഇരുചക്ര വാഹനത്തിന്റെയും ചെറുവാഹനങ്ങളുടെയും ഹെവി വാഹനത്തിന്റെയും പരിശീലനം നടത്തുന്നത്.
ഡ്രൈവിംഗ് പരിശീലനത്തിനിടെ പഠിക്കുന്നവർക്കും പരിശീലകർക്കും വിശ്രമിക്കാൻ ഇടവും സജ്ജമാക്കിയിട്ടില്ല. മഴ നനയാതിരിക്കാൻ ഷെഡ് പോലുമില്ല. സ്വകാര്യ ഡ്രൈവിങ് സ്കൂളുകളെ അപേക്ഷച്ച് കുറഞ്ഞ ഫീസ് ഈടാക്കിയാണ് കെ.എസ്.ആര്‍.ടി.സി പരിശീലനം നല്‍കുന്നത്. എൽ.എം.വി -9000, മോട്ടോർ സൈക്കിൾ -3500, എൽ.എം.വിയും, മോട്ടോർ സൈക്കിളും -11,000, എച്ച്.എം.വി -9000 എന്നിങ്ങനെയാണ് ഫീസ്. എസ്.സി-എസ്.ടി വിഭാഗത്തിന് ഫീസിൽ 20 ശതമാനം ഇളവുണ്ട്. കാര്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാൻ 30ദിവസത്തെ പരിശീലനമാണ് നൽകുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ അധിക ഫീസ് നല്‍കേണ്ടതില്ല.
അതേസമയം കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് പരിശീലനകേന്ദ്രം നിര്‍ത്തലാക്കാനുള്ള ചരടുവലികള്‍ അണിയറയില്‍ തുടങ്ങിയതായി പറയപ്പെടുന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സി വഴി ഡ്രൈവിങ് പരിശീലനം നേടാൻ മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയിലെത്തിച്ചിരിക്കുകയാണ്.


