വൻതോതിൽ നഗരമാലിന്യമെത്തുന്നു;നാട്ടുകാർ ദുരിതത്തിൽ
text_fieldsകാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വൻതോതിൽ നഗരമാലിന്യമെത്തുക്കുന്നത് കാരണം കാട്ടാക്കട,പൂവച്ചല്‍ പഞ്ചായത്തുകളിലെ റോഡരികിലെ താമസക്കാരും യാത്രക്കാരും ബുദ്ധിമുട്ടുന്നു. പൂവച്ചല്‍, കരിയംകോട്, കാപ്പിക്കാട് പ്രദേശങ്ങളിലെ പന്നിഫാമുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യഅവശിഷ്ടങ്ങളടങ്ങിയ മാലിന്യമാണ് ദുരിതം വിതക്കുന്നത്. രാത്രി പന്ത്രണ്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് നഗരത്തിലെ വിവിധയിടങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യം വാഹനങ്ങളില്‍ നിറച്ച് തലസ്ഥാനത്ത് നിന്നും പൂവച്ചല്‍ പഞ്ചായത്തിലെ വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നത്.
രാത്രിയില്‍ അമിതവേഗതയില്‍ മാലിന്യം നിറച്ച വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വാഹനത്തില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന മലിനജലം റോഡിലാണ് തളംകെട്ടിക്കിടക്കുന്നത്. ഇതാണ് യാത്രക്കാര്‍ക്കും റോഡരുകിലെ താമസക്കാര്‍ക്കും ബുദ്ധിമുട്ട്സൃഷ്ടിക്കുന്നത്. അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന മലിനജലത്തിനായി രാത്രിയില്‍ തെരുവ് നായ്ക്കളും കൂട്ടമായി ഓടുന്നതും രാത്രികാല യാത്രക്കാര്‍ക്ക് അപകടത്തിന് ഇടയാക്കുന്നു.രാത്രിയില്‍ മാലിന്യം നിറച്ച വാഹനങ്ങള്‍ കടന്നുപോകുന്നതിന് മുന്നോടിയായി പൈലറ്റ് വാഹനങ്ങള്‍ റോഡ് സുരക്ഷിതമെന്ന് ഉറപ്പുവരുത്തും. നാട്ടുകാരോ പൊലീസോ റോഡിലുണ്ടെന്ന് കണ്ടാല്‍ വാഹനത്തിന്റെ റൂട്ട് മാറ്റുന്നതാണ് രീതി.
പന്നിവളര്ത്തകേന്ദ്രങ്ങളുള്ള പൂവച്ചല്‍, കരിയംകോട്, കാപ്പിക്കാട് പ്രദേശങ്ങളില്‍ പുറത്തുനിന്നുള്ളവരാര്ക്കും പ്രവേശിക്കാനാകാത്ത വിധമുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത് .മാധ്യമപ്രവര്‍ത്തകരോ മറ്റ് ഉദ്യോഗസ്ഥരോ ഈ പ്രദേശത്ത് കടന്നുചെല്ലുന്നതിന് പോലും വിലക്കുണ്ട്. ഈ പ്രദേശങ്ങളില്‍ എത്തുന്ന പ്ലാസ്റ്റിക് മാലിന്യം സ്വകാര്യ ഭൂമികളിലാണ് കുന്നുകൂട്ടിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നം അധികൃതർ പരിഗണിക്കുന്നില്ല. പ്രദേശത്ത് ഡെങ്കിപ്പനി ഉൾപ്പെടെ പകര്‍ച്ച വ്യാധി സാധാരണമായിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളായ കരിയംകോട്, കട്ടയ്ക്കോട്, പനയംകോട് വാർഡ് പ്രദേശങ്ങളിലായാണ് ഇത്തരം കേന്ദ്രങ്ങളിലേറെയും പ്രവർത്തിക്കുന്നത്.
കരിയംകോട്, പാറാംകുഴി, കാപ്പിക്കാട് എന്നിവിടങ്ങളിൽ നാട്ടുകാർ നടത്തിയ സമരത്തെത്തുടർന്ന് കേന്ദ്രങ്ങളുടെ പ്രവർത്തനം കുറച്ചുകാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. അപ്പോള്‍ മാലിന്യ പ്രശ്നവും കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മാലിന്യം എത്തിക്കുന്നത് സജീവമായിരിക്കുകയാണ്. നഗരത്തിലെ അറവുശാലകളിൽ നിന്നും കാറ്ററിങ് സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമൊക്കെ കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യങ്ങളാണ് ഫാമുകളിൽ എത്തിക്കുന്നത്. ഇവയിൽ ആവശ്യമായവ എടുത്തശേഷം ബാക്കിയുള്ളവ ദീർഘനാൾ കൂട്ടിയിടും. ചിലപ്പോൾ അവ കത്തിക്കുകയും ചെയ്യും. പ്ലാസ്റ്റിക് കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനും പ്രദേശവാസികൾക്ക് ശ്വാസംമുട്ടൽ ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അസഹ്യമായ ദുർഗന്ധവും വലിയ ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. കൂടാതെ ഇവിടങ്ങളിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നത് സമീപത്തെ ജലസ്രോതസ്സുകളിലേക്കാണ്.
തലസ്ഥാനത്തെ മുന്തിയ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് ഗ്രാമപ്രദേശത്ത് എത്തിക്കുന്നത്. മാലിന്യങ്ങള്‍ തള്ളുന്ന തലസ്ഥാനത്തെ ഹോട്ടല്‍ ഉടമകള്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥര്‍ വഴി ഗ്രാമങ്ങളിലെ നാട്ടുകാരുടെ പരാതികള്‍ക്ക് തടയിടുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
നാടിനും നാട്ടുകാർക്കും ദുരിതം വിതയ്ക്കുന്ന മാലിന്യ സംഭരണത്തിനെതിരെ രാഷ്ട്രീയം നോക്കാതെ നടപടി വേണമെന്നും ഫാമുകളുടെ മറവിലാണ് ഈ ജനദ്രോഹം ചെയ്യുന്നതെന്നുമാണ് നാട്ടുകാര്രുടെ പരാതി.
'മാലിന്യമുക്ത പഞ്ചായത്താണ് പൂവച്ചൽ. എന്നാൽ പ്രദേശത്തേക്ക് നഗര മാലിന്യം എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടവർ മൗനം പാലിക്കുകയാണെന്നാണ് പ്രധാന ആരോപണം. മാലിന്യം എത്തുന്നത് തടയാൻ വീണ്ടും ജനകീയസമരം ആരംഭിക്കാൻ ഒരുങ്ങുകയാണിവർ.


