ഈച്ച ശല്യം, സഹിക്കെട്ട് നാട്ടുകാര്‍
text_fieldsകാട്ടാക്കട: പൂവച്ചല്‍ പഞ്ചായത്തിലെ വലിയവിള, നവജ്യോതി നഗര്‍ വീരണകാവ്, കീഴ് വാണ്ട പ്രദേശങ്ങളില്‍ രൂക്ഷമായ ഈച്ചശല്യം. ആഴ്ചകളായി തുടരുന്ന ഈച്ചശല്യം കാരണം നാട്ടുകാര്‍ പൊറുതി മുട്ടി. കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളാണ് ഈച്ച ശല്യം രൂക്ഷമാകാന്‍ കാരണമെന്നാരോപിച്ച് സമരങ്ങളും തുടങ്ങിയിട്ടുണ്ട്. മൂന്ന് മാസം മുമ്പ് സമീപത്ത് കുരുതംകോട് സ്വകാര്യ കോഴിഫാമില്‍ നിന്നും ആറായിരത്തിലേറെ ഇറച്ചിക്കോഴികള്‍ ചത്തത് വലിച്ചെറിഞ്ഞതും ശരിയായ രീതിയില്‍ മറവുചെയ്യാത്തതും കാരണം കുരുതംകോട്, തൂണിപ്പാട്, കളത്തറ പ്രദേശത്ത് ഈച്ച ശല്യമുണ്ടായതിനു പിന്നാലെയാണ് വീരണകാവില്‍ ഈച്ച ശല്യം രൂക്ഷമായി തീര്‍ന്നിരിക്കുന്നത്.
കാട്ടാക്കട താലൂക്കുകളിലെ വിവിധയിടങ്ങളില്‍ അടുത്തിടെയായി ഈച്ച ശല്യം രൂക്ഷമാണ്. ഈച്ചകൾ പകർച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നതായും നാട്ടുകാര്‍ പറയുന്നു. വീടിനുള്ളിൽ ഈച്ച ശല്യം നിമിത്തം ഇരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ഒരു മാസത്തിന് മുമ്പാണ് വലിയവിള, നവജ്യോതി നഗര്‍ വീരണകാവ്, കീഴ് വാണ്ട പ്രദേശങ്ങളില്‍ ഈച്ച ശല്യംതുടങ്ങിയത്. ദിവസം കഴിയും തോറും ഇവയുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ വിഷയം അധികൃതരെ അറിയിച്ചും പരാതി പറഞ്ഞും തുടങ്ങിയത്. കാര്യങ്ങള്‍ അധികൃതര്‍ മുഖവിലക്കെടുക്കാതായതോടെ ചിലേടങ്ങളില്‍ സമരവും പ്രതിഷേധവും നടന്നു.
വീടിന്റെ അടുക്കളയിലും തീന്മേശയിലും ഉൾപ്പെടെ ഈച്ചകൾ നിറഞ്ഞതോടെ ആഹാരം പോലും കഴിക്കാനാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കിടപ്പു രോഗികളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. മഴ പെയ്താൽ ഈച്ചശല്യം കൂടുന്ന സ്ഥിതിയാണ്. വിഷയം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യപ്രവർത്തകർ എത്തി മരുന്നു പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ ചേർന്ന് മരുന്നടിക്കലും പരിസരം ശു ചീകരിക്കലും മുറയ്ക്ക് നടത്തുന്നുണ്ടെങ്കിലും കുറയുന്നില്ല
കുറ്റിച്ചല്‍, കാട്ടാക്കട പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നാട്ടുകാര്‍ ഈച്ചശല്യത്തിനു പരിഹാരം തേടി അലയുകയാണ്. ഇവിടുങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോഴി ഫാമുകളാണ് ഈച്ച ശല്യത്തിന് കാരണമെന്നാരോപണം. പഞ്ചായത്ത്- ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും കോഴി ഫാമുകളില്‍ നിന്നോ, ഇവിടുത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ നിന്നോ ഈച്ചകളുടെ ഉറവിടം കണ്ടെത്താനായില്ലെന്നാണ് പഞ്ചായത്ത് -ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.


