ക്ഷേത്രഭാരവാഹികളെ ആക്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsഅജീഷ് ലാൽ
കാട്ടാക്കട: കട്ടയ്ക്കോട് നാടുകാണി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് കാവൽ നിന്ന ക്ഷേത്ര ഭാരവാഹികളെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല ഹരിജൻ കോളനിയിലെ അജീഷ് ലാലിനെ (26 -മുത്ത്) ആണ് കാട്ടാക്കട എസ്.ഐ മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19നായിരുന്നു സംഭവം. ഒളിവിൽ പോയ പ്രതിയെ എറണാകുളത്തു നിന്നാണ്പിടികൂടിയത്. നാടുകാണി ക്ഷേത്രത്തിൽ കാവൽ നിന്ന രക്ഷാധികാരി കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി ആർ. സതീഷ് കുമാറിനെയാണ് അക്രമി സംഘം ക്രൂരമായി മർദിച്ചത്. ക്ഷേത്ര വികസന സമിതി അംഗം ഷിജോയേയും ആക്രമിച്ചു. വാഹന്തതിലെത്തിയ ആറംഗസംഘമാണ് അക്രമം നടത്തിയത്.
മാസങ്ങൾക്കു മുമ്പ് ക്ഷേത്രത്തിൽ നിന്ന് 100 കിലോയിലധികം ഭാരമുള്ള പഞ്ചലോഹ വിഗ്രഹം മോഷണം പോയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടുകയും ചെയ്തു. ഇതിനെ തുടർന്ന് പഞ്ചലോഹ വിഗ്രഹം തിരികെ ഏറ്റുവാങ്ങി ക്ഷേത്ര ഭാരവാഹികൾ പുനപ്രതിഷ്ഠ നടത്തി.
ദിവസവും ക്ഷേത്രത്തിൽ രണ്ടു മുതൽ നാലു വരെയുള്ള ആളുകൾ രാത്രി സമയങ്ങളിൽ കാവൽ ഉണ്ടായിരുന്നു. ഇവരെയാണ് സംഘം ആക്രമിച്ചത്. സംഭവത്തിലെ മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് കാട്ടാക്കട ഡിവൈ.എസ്.പി റാഫി പറഞ്ഞു.