തദ്ദേശ തെരഞ്ഞെടുപ്പ്; മലയിൻകീഴ് കീഴടക്കാൻ കരുതലോടെ
text_fieldsസുരേഷ് ബാബു (എല്‍.ഡി.എഫ്),മണികണ്ഠൻ (യു.ഡി.എഫ്),ഗിരീശൻ (ബി.ജെ.പി)
കാട്ടാക്കട: 2010 മുതല്‍ 2020 വരെ തുടര്‍ച്ചയായി രണ്ട് തവണ യു.ഡി.എഫിനൊപ്പം നിന്നതാണ് മലയിന്‍കീഴ് ജില്ല ഡിവിഷന്‍. കഴിഞ്ഞ തവണ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവി എസ്.സി സംവരണമായതോടെ മലയിന്‍കീഴിലെ ഇടതുസ്ഥാനാർഥി അഡ്വ. ഡി.സുരേഷ് കുമാര്‍ വിജയിച്ചു. ഇതോടെ ഡിവിഷന്‍ വീണ്ടും ചുവപ്പണിഞ്ഞു.
ഇക്കുറി വാര്‍ഡ് വിഭജനം വന്നതോടെ മലയിന്‍കീഴ് ഡിവിഷനില്‍നിന്നും കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആമച്ചല്‍ ബ്ലോക്ക് ഡിവിഷന്‍ ഒഴിവായി. നിലവില്‍ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളും, മലയിന്‍കീഴിലെ 20 വാര്‍ഡും പള്ളിച്ചല്‍ പഞ്ചായത്തിലെ എട്ട് വാര്‍ഡുകളും ഉള്‍പ്പെടുന്ന ഡിവിഷനില്‍ ഇക്കുറി കനത്ത പോരാട്ടമാണ്.
മലയിന്‍കീഴ് ഡിവിഷൻ നിലനിര്‍ത്താന്‍ ഡി.വൈ.എഫ്.ഐ നേതാവും മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ എസ്. സുരേഷ് ബാബുവിനെയാണ് ഇടതുമുന്നണി കളത്തിലറിക്കിയിരിക്കുന്നത്. നഷ്ടപ്പെട്ട ഡിവിഷന്‍ തിരിച്ചുപിടിക്കാന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും നേമം ബ്ലോക്ക് പഞ്ചായത്തിന്‍റെ മുന്‍ പ്രസിഡന്‍റുമായിരുന്ന അഡ്വ.എം.മണികണ്ഠനെയാണ് യു.ഡി.എഫ് ഗോദയിലിറക്കിയത്.
കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്‍റും ബി.ജെ.പി നേതാവും മലയിന്‍കീഴ് ഗ്രാമപഞ്ചായത്തംഗവുമായ ബി.ഗിരീശനാണ് ബി.ജെ.പി സ്ഥാനാർഥി. 2010 മുതല്‍ തുടര്‍ച്ചയായി രണ്ട് തവണ കോണ്‍ഗ്രസിനെ തുണച്ച മലയിന്‍കീഴ് ഡിവിഷന്‍ ഇക്കുറിയും തങ്ങളെ പിടിച്ചുകയറ്റുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. കെ.എസ്.യുവിലൂടെ എത്തി കോൺഗ്രസിൽ സജീവമായ മണികണ്ഠൻ 2005ലും 2010ലും നേമം ബ്ലോക്ക് പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചിരുന്നു.
അക്കാലത്തെ സംസ്ഥാന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍റെ പ്രസിഡന്‍റുമായിരുന്നു. മണികണ്ഠനിലൂടെ ഇക്കുറി ജില്ല ഡിവിഷന്‍ തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. എസ്.എഫ്.ഐ നേമം ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം വിളപ്പില്‍ ഏരിയാ സെക്രട്ടറി, സി.പി.എം വിളപ്പില്‍ ഏരിയാ കമ്മറ്റി അംഗം എന്നീ നിലകളില്‍ പാര്‍ട്ടിയില്‍ സജീവമായ സുരേഷ് ബാബു മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റായിരുന്നു.
മലയിന്‍കീഴിലെ സജീവ സാന്നിധ്യവുമായ സുരേഷ് ബാബുവിലൂടെ ഡിവിഷന്‍ നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലണ് ഇടതുകേന്ദ്രങ്ങള്‍. ബി.ജെ.പിക്ക് സാധ്വീനമുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡിവിഷനിൽ അവരും തങ്ങൾക്ക് അനുകൂലമായ ജനവിധി കണക്കുകൂട്ടുന്നു.


