Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightഅഞ്ച് വര്‍ഷത്തിനിടെ...

അഞ്ച് വര്‍ഷത്തിനിടെ അഞ്ച് തവണ മാറി; മാറനല്ലൂര്‍ കെ.എസ്.ഇ.ബി ഓഫിസ് വീണ്ടും മാറുന്നു

text_fields
bookmark_border
അഞ്ച് വര്‍ഷത്തിനിടെ അഞ്ച് തവണ മാറി; മാറനല്ലൂര്‍ കെ.എസ്.ഇ.ബി ഓഫിസ് വീണ്ടും മാറുന്നു
cancel
camera_alt

മാറനല്ലൂര്‍ കെ.എസ്.ഇ.ബി ഓഫിസ് പ്രവർത്തിക്കുന്ന വാടക കെട്ടിടം

കാട്ടാക്കട: കെട്ടിടങ്ങള്‍ മാറി മാറി മാറനല്ലൂര്‍ കെ.എസ്.ഇ.ബി ഓഫിസ്. അഞ്ച് വര്‍ഷത്തിനിടെ അഞ്ച് കെട്ടിടങ്ങളിലാണ് ഓഫിസ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ വീണ്ടും മാറ്റത്തിനൊരുങ്ങുന്നു. അടിക്കടിയുള്ള ഓഫിസ് മാറ്റം വൈദ്യുതി ഉപയോക്താക്കളെയും നാട്ടുകാരെയും ജീവനക്കാരെയും വലയ്ക്കുന്നു.

കാട്ടാക്കട-ബാലരാമപുരം റോഡില്‍ മൂലക്കോണത്തിനടുത്ത് വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ ഓഫിസ്. ഇത് കാട്ടാക്കട-നെയ്യാറ്റിന്‍കര റോഡിലെ കൂവളശ്ശേരി ആലംപൊറ്റയിലെ പുതിയ വാടക കെട്ടിടത്തിലേക്കാണ് വീണ്ടും മാറ്റുന്നത്. ഈമാസത്തോടെ പുതിയ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പറയുന്നത്.

20 വര്‍ഷം മുമ്പ് ആരംഭിച്ച മാറനല്ലൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന് സ്വന്തം കെട്ടിടം നിർമിക്കാത്തതിനാലാണ് വാടക കെട്ടിടങ്ങള്‍ മാറിമാറിയെടുക്കുന്നത്. വലിയ വാടക നല്‍കി കെട്ടിടം വാടകയ്ക്കെടുക്കുമെങ്കിലും സംരക്ഷിക്കാത്തതും യാഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലുമാണ് കെട്ടിട ഉടമകള്‍ ഇവരെ ഒഴിയാന്‍ നിര്‍ബന്ധിക്കുന്നത്. കെ.എസ്.ഇ.ബിക്ക് കെട്ടിടം വാടകക്ക് നൽകിയാൽ ഒഴിയുമ്പോള്‍ നവീകരിക്കാൻ വലിയ തുക ചെലവാക്കേണ്ടി വരുമെന്ന് പ്രചരിച്ചതോടെ പലരും കെട്ടിടം നല്‍കാതെയായി.

ചില സ്ഥലങ്ങളില്‍ നിന്ന് ഒഴിയാന്‍ തയാറാകാത്തതിനാൽ കോടതി വഴിയുള്ള ഇടപെടലുകളെ തുടര്‍ന്നാണ് ഉടമയ്ക്ക് കെട്ടിടം തിരികെ കിട്ടുന്നത്. ഇതുകാരണം സൗകര്യപ്രദമായ കെട്ടിടങ്ങള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതിന് വിട്ടുനല്‍കാന്‍ പല കെട്ടിട ഉടമകളും തയാറാകുന്നുമില്ല. വൈദ്യുതി ഓഫിസിന് സ്ഥിരം കെട്ടിടം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കെ.എസ്.ഇ.ബി ഓഫിസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാനായി മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആറു വര്‍ഷം മുമ്പ് സ്ഥലം കണ്ടെത്തിയിരുന്നു. യു.ഡി.എഫ് ഭരണസമിതിയുടെ അവസാന നാളുകളിലാണ് മാറനല്ലൂര്‍ പൊലീസ് സ്‌റ്റേഷന് സമീപമുള്ള 10 സെന്റ് സ്ഥലം കെ.എസ്.ഇ.ബിക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് എല്‍.ഡിഎഫ് അധികാരത്തിലെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിലച്ചു.

വാടക കെട്ടിടത്തിലെ കെ.എസ്.ഈ.ബി ഓഫിസ് പ്രവര്‍ത്തനം വൈദ്യുതി ഉപയോക്താക്കൾക്കു പുറമെ യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. വൈദ്യുതി തൂണുകളും നിര്‍മാണ സാധനങ്ങളും റോഡിരികിൽ ഇടുന്നതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിലവില്‍ ഓഫിസിനടുത്ത് റോഡരികില്‍ കമ്പികളും മാറ്റ് സാധനങ്ങളും കൂട്ടിയിട്ടത് സംബന്ധിച്ച് നാട്ടുകാർ പരാതി നല്‍കിയിട്ടുണ്ട്. പരാതി കിട്ടിയാൽ ഇവ നീക്കം ചെയ്യുമെങ്കിലും ആഴ്ചകള്‍ പിന്നിടുമ്പോള്‍ വീണ്ടും സാധനങ്ങള്‍ പഴയപടി റോഡരികിൽ കൂട്ടിയിടുകയാണ് പതിവ്.

Show Full Article
TAGS:KSEB office buldings trivandrum 
News Summary - Maranallur KSEB office is changing again
Next Story