മിനി വാൻ മോഷണക്കേസിലെ പ്രതികൾ പിടിയിൽ
text_fieldsഅറസ്റ്റിലായ അഖിൽബാബു, എസ്.ജയസൂര്യ, ജെ.സജിൻ
കാട്ടാക്കട: ഊരൂട്ടുമ്പലം ഗവ. എൽ.പി.സ്കൂൾ വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്ന സ്വകാര്യ മിനി വാൻ മോഷ്ടിച്ച പ്രതികളെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഊരുട്ടമ്പലം വേലിക്കോട് അഖിൽ നിവാസിൽ അഖിൽ ബാബു(20), ഊരുട്ടമ്പലം വേലിക്കോട് പുളിയറതലയ്ക്കൽ വീട്ടിൽ ജയസൂര്യ(18), ഊരുട്ടമ്പലം കിടാപള്ളി സജിൻ നിവാസിൽ സജിൻ(21)എന്നിവരും പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമാണ് അറസ്റ്റിലായത്.
മുക്കംപാല മൂട് ഫിലോമിനയുടെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര വാൻ ചൊവ്വാഴ്ച പുലർച്ചെയാണ് മോഷണം പോയത്. കഴിഞ്ഞ ഒരു മാസമായി നീറാമൺകുഴി സ്വദേശി അജു വാഹനം വാടകക്ക് എടുത്താണ് കുട്ടികളെ സ്കൂളിൽ കൊണ്ട് പോയിരുന്നത്.
വാൻ ഊരുട്ടമ്പലം ജങ്ഷനിലാണ് പാർക്ക് ചെയ്തിരുന്നത്. അജു ഇന്നലെ രാവിലെ 7.30 ന് വാഹനം എടുക്കാൻ എത്തിയപ്പോഴാണ് വാഹനം മോഷണം പോയതറിയുന്നത്. സമീപത്തെ സി.സി.ടി.വി.ക്യാമറയിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിനിടെ മോഷ്ടാക്കളെ നാട്ടുകാർ തടഞ്ഞു വച്ച് നെയ്യാറ്റിൻകര പൊലീസിനെ ഏൽപിച്ചു.


