ജാമ്യംനേടി മുങ്ങിയ കൊലക്കേസ് പ്രതി 14 വർഷത്തിനുശേഷം പിടിയിൽ
text_fieldsരതീഷ്
കാട്ടാക്കട: ജാമ്യം നേടി മുങ്ങിയ കൊലക്കേസ് പ്രതിയെ 14 വർഷത്തിനുശേഷം നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പപ്ലാവിള തടത്തരികത്ത് വീട്ടിൽ ശങ്കർ എന്ന രതീഷ് (43) ആണ് പിടിയിലായത്. അമ്പൂരി ചാക്കപ്പാറ വിനോദ് ഭവനിൽ ബിനു(31)നെ സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് രതീഷ്.
2011 ഒക്ടോബർ അഞ്ചിനായിരുന്നു കൊലപാതകം. രതീഷ് റിമാൻഡ് കാലാവധിയിൽ ജാമ്യം നേടി ജയിലിൽ നിന്നിറങ്ങിയശേഷം മുങ്ങി. പിന്നീട് തമിഴ്നാട്ടിലും ബംഗുളുരുവിലുമായി കൂലിപ്പണിക്കാരനായി കഴിഞ്ഞുവരികയായിരുന്നു. പഴയ കേസുകൾ പുന:രന്വേഷിക്കുന്നതിനിടെയാണ് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്. ബിനു വധക്കേസിലെ ഒന്നാംപ്രതി വരയൻ കുട്ടൻ എന്ന ശ്രീകുമാർ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. കേസിലെ നാലും അഞ്ചും പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.
വനംവകുപ്പിലെ ഒരു കേസിൽ പ്രതിയായ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യാൻ രഹസ്യവിവരം നൽകിയതിലുള്ള വിരോധത്തിലാണ് ശ്രീകുമാർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം ബിനുവിനെ വീട്ടിൽകയറി വെട്ടി കൊലപ്പെടുത്തിയത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.