നാടിറങ്ങി കാട്ടുപോത്തുകൾ;ഭീതിയുടെ നിഴലിൽ വനാതിർത്തി
text_fieldsനാട്ടലിറങ്ങി വിഹരിക്കുന്ന കാട്ടുപോത്ത്
കാട്ടാക്കട: കാട്ടുപോത്തുകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതെ അഗസ്ത്യ-നെയ്യാര്വനം അതിരിടുന്ന പ്രദേശങ്ങളിലെ നാട്ടുകാർ. വ്ലാവെട്ടി, വനംവകുപ്പിന്റെ അഗസ്ത്യ ചീങ്കണ്ണി, മാൻ പാർക്ക് ഭാഗങ്ങൾ, മരക്കുന്നം, സഹകരണ കോളജ്, പെരുംകുളങ്ങര, കോട്ടൂർ, മലവിള, ഉത്തരംകോട് എന്നിവിടങ്ങൾ കാട്ടുപോത്ത് ഭീഷണിലായിട്ട് നാളേറെയായി. ഒറ്റക്കും കൂട്ടമായുമെത്തുന്ന ഇവ കൃഷിയിടങ്ങളിൽ കടന്നുകയറി വിളകൾ കുത്തിമറിച്ച് നശിപ്പിക്കുകയാണ്.
പുലർച്ചെ റബർ ടാപ്പിങ്ങിനായി പോകുന്ന തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും ഇപ്പോൾ കാട്ടുപന്നിക്കുപുറമേ കാട്ടുപോത്തുകളെയും പേടിക്കേണ്ട സ്ഥിതിയാണ്. വ്ലാവെട്ടി-നെയ്യാർഡാം റോഡിന്റെ ഒരു ഭാഗം വനമാണ്. പുലർച്ച വനത്തിൽനിന്നും ഇറങ്ങുന്ന ഇവ റോഡ് മുറിച്ചുകടന്നാണ് മറുഭാഗത്തേക്ക് പോകുക. ഇരുട്ടിൽ റോഡ് കടന്ന് പെട്ടെന്ന് മുന്നിലെത്തുന്ന ഇവ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കുന്നതാണ് ഭീതിയേറ്റുന്നത്. ഇരുചക്രവാഹനയാത്രികരെയും ഇവ ഉപദ്രവിക്കുകയാണ്.
വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന നാശം വാർത്തയല്ലാതായിട്ട് വർഷങ്ങളായി. നെട്ടുകാൽത്തേരി തുറന്ന ജയിൽ പരിസരമാകെ ഇവയുടെ വിഹാരകേന്ദ്രമാണെന്ന് പ്രദേശവാസികൾ പറയുന്നു. പകൽ പുള്ളിമാൻ, കുരങ്ങ് കൂട്ടമാണെങ്കിൽ രാത്രിയിൽ കാട്ടുപന്നിയാണ് പ്രശ്നക്കാരൻ. കൂട്ടത്തോടെയെത്തുന്ന ഇവ കൃഷിയിടങ്ങളിൽ മേഞ്ഞുനടക്കുന്നത് പ്രദേശത്ത് പതിവുകാഴ്ചയാണ്. മാനുകൾ റബർ, പച്ചക്കറി കൃഷികളാണ് നശിപ്പിക്കുന്നതെങ്കിൽ കാട്ടുപന്നികൾ രാത്രിയിൽ മരച്ചീനി കൃഷിയൊന്നാകെ കുത്തിമറിക്കുകയാണ്. റബർ തോട്ടങ്ങളിൽ കടന്നുകയറുന്ന മാൻകൂട്ടം പുതുതായി നട്ട തൈകളുടെ പട്ട തിന്നു നശിപ്പിക്കുന്നു. ഇതിനുപുറമെയാണ് കാട്ടുപോത്തുകളുണ്ടാക്കുന്ന കൃഷി നാശവും.
രണ്ടാഴ്ച മുമ്പ് പുലർച്ച നെടുവാൻവയൽ ഭാഗത്ത് നിന്ന് വന്ന കാട്ടുപോത്തുകൾ വനത്തിൽനിന്നുള്ള തോട്ടിലൂടെ ഗ്രാമം വഴി മലവിളയിലും അവിടെ നിന്നും ഉത്തരംകോട് ജങ്ഷൻ വരെയുമെത്തി. ഇവയെ കണ്ട ടാപ്പിങ് തൊഴിലാളികൾ ബഹളംെവച്ചതോടെ ഇവ തിരിച്ച് വനത്തിലേക്ക് പോയി. മുമ്പ് വേനൽ കനക്കുമ്പോൾ ഒറ്റതിരിഞ്ഞ് നാട്ടിൽ എത്തിയിരുന്ന കാട്ടുപോത്തുകൾ ഇപ്പോൾ വേനലിനും മുമ്പേ കൂട്ടമായി നാട്ടിലിറങ്ങുകയാണ്. കുറ്റിച്ചല്‍, കള്ളിക്കാട്, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കാട്ടുപോത്തുകള്‍ ഭീതിപടര്‍ത്തിയതോടെ വനാതിര്‍ത്തി പ്രദേശത്തുകാര്‍ക്ക് വീടുവീട്ടിറങ്ങാനോ കൃഷിയിടങ്ങളില്‍ പോകാനോ കഴിയുന്നില്ല.