പ്രകൃതിവിരുദ്ധ ലൈംഗീക പീഡനം: പ്രതിക്ക് 73 വര്ഷം തടവ്
text_fieldsസജീവൻ
കാട്ടാക്കട: അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന കേസിൽ വീട്ടുജോലിക്കാരനായ പ്രതിക്ക് 73 വര്ഷം കഠിന തടവും പിഴയും. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം താഴംകുന്നുംപുറത്ത് വീട്ടിൽ എം. സജീവനെയാണ് (50) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ 73 വർഷവും ആറ് മാസവും കഠിനതടവിനും 85,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ 17 മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതന് നൽകണമെന്നും വിധിയിൽ പറയുന്നു. പ്രതി കസ്റ്റഡിയിലായതിനാലും പിഴത്തുക അപര്യാപ്തമായതിനാലും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. 2023ലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ മുത്തശ്ശന്റെ ചികിത്സ സഹായത്തിനായെത്തിയ സജീവന് പലതവണ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കുട്ടിയുടെ ലൈംഗീകാവയവത്തിൽ മുറിവ് കണ്ട മാതാവ് ചോദിച്ചപ്പോഴാണ് വിവരം പുറത്തു പറയുന്നത്.
തുടർന്ന് മണ്ണന്തല പൊലീസ് സ്റ്റേഷനിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകുകയായിരുന്നു. ജുഡിഷ്യൽ കസ്റ്റഡിയിലാണ് പ്രതി വിചാരണ നേരിട്ടത്. മണ്ണന്തല പൊലീസ് ഇൻസ്പെക്ടർ മാരായിരുന്ന വി. സൈജുനാഥ്, ബൈജു എന്നിവരാണ് കേസന്വേണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.
പ്രോക്യൂഷൻ ഭാഗത്തുനിന്ന് 25സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകളും രണ്ട് തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ്, അഭിഭാഷകരായ പ്രസന്ന, പ്രണവ് എന്നിവർ കോടതിയിൽ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സെൽവി നടപടി ഏകോപിപ്പിച്ചു.