പത്തിലേറെ മോഷണങ്ങള്‍ നടന്നിട്ടും കള്ളനെ പിടികൂടാനാകുന്നില്ല
text_fieldsകാട്ടാക്കട: മാറനല്ലൂര്‍, ഊരൂട്ടമ്പലം, പുന്നാവൂര്‍ പ്രദേശങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍ വിട്ടുപോകുന്നില്ല. ഒരാഴ്ചക്കിടെ വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ പത്തിലേറെ മോഷണങ്ങള്‍ നടന്നിട്ടും കള്ളനെ പിടികൂടാനാകുന്നില്ല. ആളില്ലാത്ത മൂന്ന് വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടന്നതാണ് ഒടുവിലത്തേത്. മോഷണം നടന്ന വീടുകളില്‍ നിന്നും വിലയേറിയതൊന്നും നഷ്ടപ്പെടാത്തത് കാരണം ഇവരാരും പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല.
ഇക്കഴിഞ്ഞ 14നാണ് മാറനല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ബേക്കറിയിലും പുന്നാവൂരില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറിലും വെളിയംകോട് രണ്ട് കടകളിലും ചെന്നിയോട്ടെ ആളില്ലാത്ത വീട്ടിലും മോഷണം നടന്നത്. മാവേലി സ്റ്റോറില്‍ നിന്ന് 18000 രൂപയും ചെന്നിയോട് സ്വദേശി ചന്ദ്രന്റെ വീട്ടില്‍നിന്ന് മൂന്ന് പവന് സ്വര്‍ണ മാലയും നഷ്ടപ്പെട്ടതായാണ് പരാതി.
സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് ഇവിടങ്ങളില്‍ മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. തസ്കരര്‍ ഉപയോഗിച്ച സ്കൂട്ടര്‍ കടയ്ക്കാവൂരില്‍ നിന്നും മോഷ്ടിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഈ വാഹനം റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രതികളെ തപ്പി പൊലീസ് പരക്കം പായുന്നതിനിടെയാണ് ബുധനാഴ്ച രാത്രി കൂവളശ്ശേരിയിലെ ആളില്ലാത്ത മൂന്ന് വീടുകളില്‍ മോഷണം നടന്നത്.
കൂവളശ്ശേരി മാധവത്തില്‍ റിട്ട. എസ്.പി എന്‍.ജയകുമാറിന്റെ ആളില്ലാത്ത വീടിന്റെ പിന്നിലെ വാതില്‍ കുത്തിപ്പൊളിച്ചെങ്കിലും അകത്ത് കടക്കാനായില്ല. കൂവളശ്ശേരി സ്വദേശി പ്രേമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള വീട്ടിലും മോഷണം നടന്നു. ഇവിടെ വാടകക്ക് താമസിക്കുന്ന ഡോ. ജിതിന് രാജ് വീടുപൂട്ടിപോയ തക്കംനോക്കിയാണ് മോഷണം.
പൂട്ടിയിരുന്ന അലമാരയും മേശയും ഉള്‍പ്പടെ പരിശോധിച്ചിട്ടുണ്ട്. മുറിയില്‍ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന 10000 രൂപ വിലപിടിപ്പുള്ള വാച്ചും ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന പാത്രങ്ങളും മോഷണം പോയിയിട്ടുണ്ട്.
കൂവളശ്ശേരിയില് റിട്ട.അധ്യാപകന് ജോസിന്റെ വീടിന്റെ മുകൾനിലയിലൂടെ അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. ഇവര്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വീട് പൂട്ടി പുറത്തേക്ക് പോയത്.
രാത്രി 12 മണിയോടെ തിരിച്ചെത്തിയ ഇവര്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് പിൻവശത്ത് പോയി നോക്കിയപ്പോഴാണ് വാതില്‍ തുറന്ന് കിടക്കുന്നതും മോഷണ ശ്രമം നടന്നതായും കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി നടത്തിയ മോഷണങ്ങളില്‍ മൂന്ന് വീടുകളുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ട നിലയിലുമായിരുന്നു.
മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ അംഗബലം സ്റ്റേഷന് അനുവദിച്ചപ്പോള്‍ നല്‍കിയിട്ടുള്ള അതേനിലയിലാണ് ഇപ്പോഴും. ഗ്രേഡ് എസ്.ഐ മാര്‍ രണ്ടുപേര്‍ വിരമിച്ചെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല. വനീതാ നീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രണ്ട് പേരും സി.പിഒ മാരായി 12 പേരും മാത്രമാണ് സ്റ്റേഷനിലുള്ളത് . അംഗബലത്തിലെ കുറവ് കേസന്വേഷണത്തെയും ബാധിക്കുന്നുണ്ട്.