കൃഷിയിടങ്ങളിൽ കാട്ടാനകളുടെ തേരോട്ടം; എങ്ങും കർഷകരുടെ കണ്ണീർമഴ
text_fieldsകാട്ടാന ഇറങ്ങിയ ഈഞ്ചപുരിയിലെ വാഴത്തോട്ടം
കാട്ടാക്കട: കുറ്റിച്ചല്‍, ആര്യനാട് ഗ്രാമപഞ്ചായത്തുകളിലെ കൃഷിയിടങ്ങളില്‍ കാട്ടാനകൾ ഭീതി വിതക്കുന്നു. മുന്‍പ് സെറ്റില്‍മെന്റുകളില്‍ മാത്രമിറങ്ങിയിരുന്ന കാട്ടാനക്കൂട്ടമാണ് കൃഷിയിടങ്ങളില്‍ ഇറങ്ങി നാശം വിതക്കുന്നത്. ഏറെനാളുകളായി കാട്ടുപോത്ത്, മാന്‍, കാട്ടുപന്നി, കുരങ്ങ്, മ്ലാവ്, മയിലുകള്‍ എന്നിവയുടെ ശല്യമുണ്ടായിരുന്നു. ഇപ്പോള്‍ കാട്ടാന കൂടി എത്തി കൃഷി നശിപ്പിച്ചുതുടങ്ങിയതോടെ ഗ്രാമവാസികളാകെ ഭീതിയിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരി, മാവുനിന്നകുഴി, വാരിയംകോണം, നെടുംകുഴി പ്രദേശത്ത് കാട്ടാന കൂട്ടമിറങ്ങി നിരവധി പേരുടെ കൃഷി നശിപ്പിച്ചു. തെങ്ങ്, വാഴ, കമുക്, റബര്‍, പ്ലാവ് എന്നിവ നശിപ്പിച്ചു. വനാര്ത്തിയില്നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന അതിക്രമം കാട്ടിയത്.
ഈഞ്ചപ്പുരി സ്വദേശികളായ അനിത കുമാരി, ബാബു, ചെമഞ്ചല് സ്വദേശികളായ അയ്യപ്പന് , സത്യന് , രാജേന്ദ്രന് എന്നിവര്‍ക്ക് കാട്ടാന പതിനായിരകണക്കിനു രൂപയുടെ നാശം വിതച്ചു
അടുത്തകാലത്തായി വന്യമൃഗങ്ങള്‍ വനാതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷി പ്രദേശങ്ങളിലും ഇറങ്ങി നാശം വിതച്ചുതുടങ്ങിയതോടെ നാട്ടുകാരും കര്‍ഷകരും തളര്‍ന്നിരിക്കുകയാണ് . കാട്ടാക്കട- നെടുമങ്ങാട് താലൂക്കുകളിലെ മലയോരകര്‍ഷകര്‍ വന്യമൃഗങ്ങളുടെ ശല്യം കാരണം ഏറെ ദുരിതമനുഭവിക്കുകയാണ്. കാട്ടുപന്നിയും, കാട്ടുപോത്തുമാണ് ജനവാസ കേന്ദ്രങ്ങളിലെ ഇപ്പോഴത്തെ വില്ലൻമാര്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കാട്ടാക്കട -നെടുമങ്ങാട് താലൂക്കുകളിലെ നിരവധി കര്‍ഷകര്‍ക്കും , വഴിയാത്രക്കാര്‍ക്കും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റു. രാവിലെ റബ്ബര്‍ ടാപ്പിങിന് പോകുന്ന തൊഴിലാളികളാണ് കാട്ടുപന്നികളുടെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്.
മാസങ്ങള്‍ക്ക് മുമ്പ് പൊടിയം ഭാഗത്തുെവച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാജേഷിനെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചതായിരുന്നു ഒടുവിലത്തെ സംഭവം. അന്ന് വനപാലക സംഘത്തെയും ആന വിരട്ടി. വേനൽ ആയതിനാൽ ആനക്കൂട്ടം വനാതിർത്തിയോട് അടുത്ത് തമ്പടിക്കാറുണ്ടെന്ന് വനപാലകർ പറയുന്നു. ആഹാരവും വെള്ളവും തേടിയാണ് ആനക്കൂട്ടം എത്തുന്നത്. ആനകളെ ഭയന്നാണ് ആദിവാസികളുടെ സഞ്ചാരം. എന്തിനും കോട്ടൂരിനെ ആശ്രയിക്കേണ്ടി വരുന്നതിനാൽ യാത്ര ചെയ്യുന്ന ആദിവാസികൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് വിറക് ശേഖരിക്കുകയായിരുന്ന ആദിവാസിയെ ആന ചവിട്ടിക്കൊന്ന സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.