മലയോരമേഖലയിൽ തീപിടിത്തം പതിവ്
text_fieldsകരിയം കോട് റബ്ബർ പുരയിടത്തിലുണ്ടായ തീപിടുത്തം അഗ്നിശമനസേന കെടുത്തുന്നു
കാട്ടാക്കട: വേനല്‍ ശക്തമാകുന്നതിന് മുമ്പുതന്നെ മരങ്ങളുടെ ഇലപൊഴിഞ്ഞ് തുടങ്ങി. ഇതോടെ മലയോരമേഖലകളിലെ പ്ലാന്റേഷനുകളിലും പുരയിടങ്ങളിലും തീപിടിക്കുന്നത് പതിവായി. പ്ലാന്റേഷനുകളിലും പുരയിടങ്ങളിലും തീകെടുത്താനായി അഗ്നിശമന സേനയുടെ സഹായം തേടിയുള്ള വിളികളുടെ എണ്ണം അനുദിനം കൂടി വരുന്നതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച കട്ടക്കോട് കരിയംകോട്ട്
റബ്ബർ പുരയിടത്തില്‍ തീപിടിച്ചിരുന്നു. കാട്ടാക്കട അഗ്നി രക്ഷസേനയെത്തിയാണ് തീയണച്ചത്. കുറ്റിച്ചല്‍, അമ്പൂരി, കള്ളിക്കാട്, ആര്യനാട് പഞ്ചായത്ത് പ്രദേശത്താണ് കഴിഞ്ഞ കാലങ്ങളില്‍ വ്യാപകമായി തീപിടുത്തം ഉണ്ടായിട്ടുള്ളത്.
കാട്ടുതീ: വർഷംതോറും നഷ്ടമാകുന്നത് ഹെക്ടര്‍കണക്കിന് ഭൂമി
കാട്ടാക്കട: അഗസ്ത്യ -നെയ്യാര്‍-പേപ്പാറ വനത്തില്‍ വര്‍ഷം തോറും ഹെക്ടര്‍കണക്കിന് വനഭൂമി കാട്ടുതീയില്‍ ചാമ്പലാകുന്നതായി റിപ്പോർട്ട്. കൂറ്റന്‍ മരങ്ങള്‍ മുതല്‍ അത്യപൂര്‍വ്വ സസ്യജാലങ്ങള്‍ വരെ കാട്ടുതീയില്‍ നശിക്കുന്നുണ്ട്. ഡിസംബര്‍ അവസാന വാരം മുതല്‍ മാര്‍ച്ച് വരെയാണ് പൊതുവെ കാട് കത്തുന്നതെന്ന് വനംവകുപ്പിന്റെ കണക്ക്. എന്നാല്‍ ഇക്കുറി ജനുവരി പകുതിയോടെ വേനലിന്റെ കാഠിന്യം ഏറി. ഇക്കുറി നെയ്യാര്‍-പേപ്പാറ-അഗസ്ത്യ വനങ്ങളിലൊന്നും കാട്ടുതീ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
എന്നാല്‍ ഇക്കുറി പതിവിലും മുന്‍പേ കാടുണങ്ങിയതായി അഗസ്ത്യാര്‍കൂടത്തിലേക്ക് പോയ സംഘം പറഞ്ഞു. കാട്ടുതീ ഉണ്ടാകാതിരിക്കാൻ ഫയര്‍ ലെയിന്‍ തെളിയിക്കലും, , തീപിടിക്കാന്‍ സാധ്യതയുള്ള വനമേഖല മുന്‍കൂട്ടി തീയിട്ട് അപകടം ഒഴിവാക്കുകയുമാണുള്ളത്. എന്നാല്‍ ഇതൊന്നും കാര്യമായി നടക്കുന്നില്ലെത്രെ.