കഠിനംകുളം ക്ലീൻ; 17 ഗുണ്ടകൾ ജയിലിൽ
text_fieldsകഴക്കൂട്ടം: ആറു മാസം പിന്നിടുമ്പോൾ ക്രിമിനൽ കേസുകളിൽപെട്ട 68 പേരെ പിടികൂടുകയും 17 ഗുണ്ടകളെ ജയിലിൽ അടയ്ക്കുകയും ചെയ്ത് കഠിനംകുളം പ്രദേശത്തെ ക്രമസമാധാനം മെച്ചപ്പെടുത്തിയതിന് കഠിനംകുളം പൊലീസ് എസ്. എച്ച്.ഒ സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ കൈയ്യടി.
തീരദേശ മേഖലയായ കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കളുടെ കേന്ദ്രമായിരുന്നത് മാത്രമല്ല ജില്ലക്ക് അകത്തും പുറത്തും ലഹരി വസ്തുക്കൾ എത്തിക്കുന്ന ഹബ് കൂടിയായിരുന്നു കഠിനംകുളവും പരിസര പ്രദേശങ്ങളും. ഇവിടെയാണ് കഠിനംകുളം പൊലീസ് ഒറ്റക്കെട്ടായി നിന്ന് പ്രശ്നക്കാരെ ജയിലിലടച്ചത്. ആകെയുള്ള രണ്ടു ജീപ്പുകളും കട്ടപ്പുറത്താണ്. സ്വന്തം വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചുമാണ് പൊലീസുകാർ ക്രിമിനലുകളെ അമർച്ച ചെയ്തത്. ചെറിയ കാലയളവിനുള്ളിൽ ഇത്രയേറെ പ്രതികളെ പിടികൂടിയ മറ്റൊരു സ്റ്റേഷൻ റൂറൽ ജില്ലയിൽ ഇല്ല.
കെട്ടിക്കിടന്ന കേസുകളിൽ ഭൂരിഭാഗവും കോടതിയിലെത്തിച്ചു. സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട രണ്ടുപേർ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, വിവിധ ആരാധനാലയങ്ങൾ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ വിവിധ പദ്ധതികളാണ് തയ്യാറാക്കിയത്. ജാതിമത രാഷ്ട്രീയ വർഗം മറന്ന് ജനം കഠിനംകുളം പൊലീസിനൊപ്പം കൈകോർത്തു. ഇതോടെ ക്രിമിനലുകളെ അമർച്ച ചെയ്യാൻ പൊലീസിന് എളുപ്പമായി. പ്രദേശത്തെ ക്രമസമാധാനം വീണ്ടെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്.എച്ച്.ഒ. ബി. എസ് സാജനും എസ്.ഐ അനൂപും മാധ്യമത്തോട് പറഞ്ഞു. -