തലസ്ഥാനത്തേക്ക് അവർ പറന്നു; സന്തോഷം പങ്കിട്ട് ഭിന്നശേഷി കുട്ടികൾ
text_fieldsചിന്നമ്മ മെമ്മോറിയൽ സ്കൂളിലെ കുട്ടികൾ
കഴക്കൂട്ടം: അങ്ങനെ അവർ വിമാനത്തിൽ യാത്ര നടത്തി. ഭിന്നശേഷിക്കാരുടെ ജീവിതാഭിലാഷം നടത്തി ടെക്നോപാർക്കിലെ എച്ച്.ആൻഡ്.ആർ ബ്ലോക്ക് കമ്പനി അധികൃതർ. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ സ്കൂളിലെ 20 കുട്ടികളെയും അവരുടെ അമ്മമാരെയും ടീച്ചർമാരെയും ഉൾപ്പെടെ 31 പേരെ ഉൾപ്പെടുത്തി വിമാനത്തിൽ ഒരു യാത്ര. ഡ്രീം ഫ്ലൈറ്റ് എന്ന പേരിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. കൊച്ചിയിൽ നിന്നുള്ള തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര ചിന്നമ്മ മെമ്മോറിയൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതത്തിലെ അപൂർവ സമ്മാനമായി മാറി.
സി.എസ്.ആർ ഫണ്ടിൽ നിന്നും സ്കൂളിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നതിനിടയിലാണ് ഭിന്നശേഷിക്കാരിയായ ഒരു കുട്ടി വിമാനത്തിൽ കയറണമെന്ന ആഗ്രഹം കമ്പനി അധികൃതരോട് പറഞ്ഞത്. കുട്ടികളുടെ ആഗ്രഹം കമ്പനി അധികൃതർ സന്തോഷത്തോടെ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ കൊണ്ടുപോകാനുള്ള അനുമതിയും ആവശ്യമായ സംവിധാനങ്ങളും കമ്പനി അധികൃതർ ഒരുക്കി. തുടർന്ന് തിരുവനന്തപുരത്തുനിന്നും വന്ദേഭാരത് ട്രെയിനിൽ കൊച്ചിയിലെത്തി അവിടെനിന്നും മെട്രോയിൽ ആലുവയിൽ എത്തി താമസിപ്പിച്ചു. ഞായറാഴ്ച രാവിലെ കൊച്ചി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാൻ ആകുന്നതല്ല.
യാത്രക്കിടയിൽ എയർഹോസ്റ്റസ് കുട്ടികളുടെ പേര് പറഞ്ഞ് സ്വാഗതം ചെയ്തുകൊണ്ടുള്ള അനൗൺസ്മെൻറ് വന്നപ്പോൾ കുട്ടികൾ കൈയടിച്ചു ആഹ്ലാദം പങ്കിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ കുട്ടികളെ സ്വീകരിക്കാൻ എച്ച്.ആൻഡ്.ആർ ബ്ലോക്ക് കമ്പനി അധികൃതരെത്തി മുഴുവൻ കുട്ടികൾക്കും ചോക്ലേറ്റുകൾ വിതരണം ചെയ്തു. കുട്ടികളുടെ സന്തോഷത്തിൽ വലിയ ചാരിതാർഥ്യമുണ്ടെന്ന് കമ്പനി വൈസ് പ്രസിഡൻറ് ഹരിപ്രസാദ് പറഞ്ഞു.


